Ads 468x60px

Wednesday, November 16, 2011

ഹോട്ടലുകളിലെ പഴകിയ ഭക്ഷണം പരാതികള്‍ നഗരസഭാ ആരോഗ്യവിഭാഗം പൂഴ്ത്തുന്നു

പാലക്കാട്: നഗരത്തിലെ ചില ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുന്നുവെന്ന പരാതികള്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം പൂഴ്ത്തുന്നതായി ആരോപണം. ഹോട്ടല്‍ ഉടമകളുമായി നഗരസഭാ സ്ക്വാഡ് അംഗങ്ങള്‍ക്ക് "അടുത്ത ബന്ധം" ഉള്ളതുകൊണ്ടാണ് ഉപഭോക്താക്കളുടെ പരാതികള്‍ തള്ളിക്കളയുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. രണ്ടുദിവസംമുമ്പ് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം നല്‍കി എന്ന പരാതിയുമായി ചിലര്‍ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കി. എന്നാല്‍ , ഭക്ഷണത്തിന്റെ സാമ്പിള്‍ ഉണ്ടെങ്കിലേ നടപടിയെടുക്കാനാകു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. തുടര്‍ന്ന് ജില്ലാ ഫുഡ് ഇന്‍സ്പെക്ടറെ സമീപിക്കാന്‍ പരാതിക്കാരന്‍ തീരുമാനിച്ചെങ്കിലും മുനിസിപ്പാലിറ്റി ഹെല്‍ത്ത് സ്ക്വാഡിലെ ചിലര്‍ ഇടപെട്ട് പ്രശ്നം ഒതുക്കിത്തീര്‍ത്തു. നഗരസഭയ്ക്ക്സമീപം പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ശനിയാഴ്ച രാത്രിയില്‍ ബിരിയാണി കഴിക്കാനെത്തിയ കുടുംബമാണ് പരാതി നല്‍കിയത്. ബിരിയാണിയില്‍ ഉണ്ടായിരുന്ന മുട്ടയും പൊറോട്ടയ്ക്ക് കറിയായി വാങ്ങിയ മുട്ടറോസ്റ്റും പഴകിയതാണെന്ന് ഇവര്‍ ആരോപിച്ചു. നഗരസഭാ ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ക്കും ഇതേ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണംകഴിച്ച് അസുഖം പിടിപെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെനിന്ന് "മലബാര്‍ ചിക്കന്‍കറി"എന്ന വിഭവം കഴിച്ച് വയറിളക്കം പിടിപെട്ട ജീവനക്കാരി മൂന്നുദിവസത്തിനുശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതിനെത്തുടര്‍ന്ന് ഹോട്ടല്‍ നടത്തിപ്പുകാരെ വിളിച്ചുവരുത്തി താക്കീത് ചെയ്തുവെന്നും പരാതികള്‍ പതിവായ സാഹചര്യത്തില്‍ ഹോട്ടല്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് അധികൃതര്‍ വാദിക്കുന്നു. വന്‍വില ഈടാക്കിയശേഷമാണ് ജനങ്ങള്‍ക്ക് പഴകിയ ഭക്ഷണം നല്‍കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവുകളും ഹോട്ടലുകള്‍ പാലിക്കുന്നില്ല. വൃത്തിയുള്ള അടുക്കള, ശുദ്ധമായ കുടിവെള്ളം എന്നീ നിര്‍ദേശങ്ങള്‍ ഒരു ഹോട്ടലിലും കാണാനാകില്ല. അതുപോലെ ഭക്ഷണപദാര്‍ഥങ്ങളില്‍ മായംചേര്‍ക്കുന്നതും പതിവാണ്. രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയാണ് പരാതികളേറെയും. പരിശോധനയ്ക്കെത്തുന്ന ദിവസവും സമയവും മുന്‍കൂട്ടി ഹോട്ടല്‍അധികൃതരെ സ്ക്വാഡ് അംഗങ്ങള്‍ അറിയിക്കാറുണ്ട്. പരാതിയുമായി എത്തുന്നവരെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കുന്നുവെന്നും ആരോപണമുണ്ട്.
source:  deshabhimani.com