Ads 468x60px

Wednesday, August 1, 2012

"വിവിഐപി കാന്റീനുകള്‍" കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടം

കൊച്ചി: നഗരത്തില്‍ വിവിഐപികള്‍ ഭക്ഷണംകഴിക്കുന്ന കാന്റീനുകളുടെ അവസ്ഥ കന്നുകാലിത്തൊഴുത്തിനേക്കാള്‍ കഷ്ടമെന്ന് കണ്ടെത്തല്‍. ഹോട്ടലുകളേക്കാള്‍ മോശമായ അന്തരീക്ഷമാണ് ഇത്തരം കാന്റീനുകളിലെന്ന് കണ്ടെത്തിയത് അടുത്തിടെ നടന്ന പരിശോധനയില്‍. "ശുചിത്വഭക്ഷണം-പൗരന്റെ അവകാശം" എന്ന വിഷയത്തില്‍ നഗരസഭ നടത്തിയ സംവാദത്തിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശികുമാറിന്റെ വെളിപ്പെടുത്തല്‍. മുനിസിപ്പല്‍ ചട്ടപ്രകാരമാണ് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ ഹോട്ടലുടമകള്‍ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പരിശോധനയ്ക്കുള്ള അധികാരമെന്നാണ്. അടുക്കളയിലെ മാലിന്യം മൂടിയ പാത്രങ്ങളില്‍ സൂക്ഷിക്കുന്ന അഞ്ചു ശതമാനം ഹോട്ടലുകള്‍ മാത്രമാണ് നഗരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് മാത്രമാണ് ഭക്ഷണം പരിശോധിക്കാന്‍ അധികാരമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ്മോന്‍ വാദിച്ചു. ഹോട്ടലുകളെക്കുറിച്ചുള്ള പരാതികള്‍ പറയാനുള്ള ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിപണിയില്‍നിന്ന് ലഭിക്കുന്ന പച്ചക്കറിയും മത്സ്യമാംസാദികളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അസോസിയേഷന്‍ പറഞ്ഞു. നഗരസഭ ഹോട്ടലുകളില്‍ പരിശോധന നടത്തുമ്പോള്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനംകൂടി പ്രയോജനപ്പെടുത്തണമെന്ന് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു. ഹോട്ടലുകളില്‍ കുടിവെള്ളം നല്‍കുന്ന പാത്രം വൃത്തിയായി സൂക്ഷിക്കാന്‍ ഉടമകള്‍ തയ്യാറാവണമെന്ന് എറണാകുളം ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ പ്രസിഡന്റ് രംഗദാസപ്രഭു പറഞ്ഞു. ഹോട്ടലുകളില്‍ എത്രതവണ പരിശോധനയ്ക്ക് കയറണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കണമെന്ന് നഗരസഭ സെക്രട്ടറി അജിത്ത് ബി പാട്ടീല്‍ പറഞ്ഞു. ജില്ലാ ജഡ്ജി പി മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്റഫ് വിഷയം അവതരിപ്പിച്ചു. മേയര്‍ ടോണി ചമ്മണി അധ്യക്ഷനായി. അഡ്വ. ജയശങ്കര്‍ സംവാദം നയിച്ചു.
Source:http://www.deshabhimani.com

No comments:

Post a Comment