Ads 468x60px

Monday, August 13, 2012

ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് വിപുലമായ ക്രിമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെയും ഭക്ഷ്യസിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെയും സാന്നിധ്യത്തില്‍, സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറുടെ താത്ക്കാലിക തസ്തിക സ്ഥിരപ്പെടുത്തുവാനും മറ്റൊരു തസ്തികകൂടി സൃഷ്ടിക്കുവാനും യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റികളില്‍ ഓരോ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെയും അഞ്ച് കോര്‍പ്പറേഷനുകളില്‍ മൂന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെയും വീതം നിയമിക്കണം. ഇതിനായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള 32 തസ്തികകള്‍ക്കുപുറമേ, 43 പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരെയും ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് മാറ്റി നിയമിക്കാനും യോഗം നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലകളിലും മാംസം, മത്സ്യം എന്നിവയുടെയും ഇവ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി, വെറ്ററിനറി സയന്‍സ് യോഗ്യതയുള്ള ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കണം. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള 14 ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കുകീഴില്‍, വകുപ്പിലെ ലീന്‍ നിലനിര്‍ത്തി നിയമിക്കുവാനും അവര്‍ മുഖേന പാലിന്റെയും പാല്‍ ഉല്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കുവാനും യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലാബുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമുള്ള റീജിയണല്‍ ലാബുകള്‍, പത്തനംതിട്ട ജില്ലാ ലാബ്, മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മരടിലും, പൂക്കോടും, മണ്ണുത്തിയിലുമുള്ള ലാബുകള്‍, ക്ഷീരവികസന വകുപ്പിനു കീഴില്‍ പട്ടത്തും ആലത്തൂരുമുള്ള ലാബുകള്‍, ഫിഷറീസ് വകുപ്പിന്റെ പനങ്ങാടുള്ള ലാബ്, ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കോന്നിയിലുള്ള ലാബ് എന്നിവയുടെ നിലവാരമാണ് എന്‍.എ.ബി.എല്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ത്തേണ്ടത്. ഇവയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നിയിലുള്ള 'കൌണ്‍സില്‍ ഓഫ് ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി)' ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. എല്ലാ ഗവണ്‍മെന്റ് ലാബുകളിലും, 'ഫുഡ് സേഫ്റ്റി സ്‌റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ' നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഫുഡ് അനലിസ്‌റുമാരെ നിയമിക്കുവാന്‍ അതത് വകുപ്പുകള്‍ നടപടി സ്വീകരിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളാക്കിത്തിരിച്ചും പിന്നീട് ജില്ലാതലങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതിന്, അജൂഡിക്കേറ്റിംഗ് ഓഫിസര്‍മാരെ നിയമിക്കും. തിരുവനന്തപുരത്ത് ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. ഹൈക്കോടതിയുമായും നിയമവകുപ്പുമായും ആലോചിച്ച്, ജില്ലാ കോടതികളേയോ സ്‌പെഷ്യല്‍ കോടതികളേയോ താത്ക്കാലികമായി, ഫുഡ് സേഫ്റ്റി സ്‌പെഷ്യല്‍ കോടതികളായി നാമനിര്‍ദ്ദേശം ചെയ്യും. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഓഫീസ്, ട്രിബ്യൂണല്‍ ഓഫീസ്, കോടതി എന്നിവയ്ക്കായി തിരുവനന്തപുരത്ത് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റില്‍ പുതിയ കെട്ടിയം നിര്‍മ്മിക്കുന്നതിനുള്ള ശുപാര്‍ശയും ഇന്ന് (ആഗസ്‌റ് 14) ചേരുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കും. യോഗം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളിന്മേലും ശുപാര്‍ശകളിന്മേലും അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. വിവിധ ജില്ലകളിലെ ഫുഡ് സേഫ്റ്റി ജില്ലാ ഓഫീസുകള്‍ അതത് ജില്ലാ ആസ്ഥാനങ്ങളിലേക്കുമാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ മിനിസ്‌റീരിയല്‍ സ്‌റാഫിനെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭ്യമാക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്‌റുകളിലും 24 മണിക്കൂറും പോലീസ് സഹായത്തോടെ ശക്തമായ പരിശോധന നടത്തും. ഡി.ജി.പി. ജേക്കബ് പുന്നൂസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍, മറ്റു വകുപ്പുതല സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment