Ads 468x60px

Monday, August 6, 2012

വീണ്ടും ഭക്ഷ്യവിഷബാധ; നാലുപേര്‍ ആസ്‌പത്രിയില്‍

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച നാലുപേരെ ഭക്ഷ്യവിഷബാധയേറ്റ് ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പുളിമൂടിനു സമീപത്തെ ഓണം റെസ്റ്റോറന്റില്‍ നിന്ന് ബിരിയാണി കഴിച്ചവരാണ് ജനറല്‍ ആസ്​പത്രിയില്‍ ചികിത്സതേടിയത്. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി.അതേസമയം, പേട്ട കെപ്‌കോയിലെ ചിക്കന്‍ റസ്റ്റോറന്റില്‍ നിന്നു വാങ്ങിയ ചിക്കന്‍ പിരട്ടില്‍ കോഴിത്തൂവലുകളുണ്ടായിരുന്നുവെന്ന് പരാതിയും ഉണ്ട്.പുളിമൂട്ടിലെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ഒരു പ്രമുഖ ഇലക്‌ട്രോണിക്‌സ് കടയിലെ നാലു ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഗോകുല്‍, നന്ദു, അനൂപ്, ക്ലെമന്റ് എന്നിവരാണ് ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിനു സമീപത്തെ ഓണം റസ്റ്റോറന്റില്‍ നിന്ന് ബിരിയാണി കഴിച്ചത്. രണ്ടുപേര്‍ ബീഫ് ബിരിയാണിയും രണ്ടുപേര്‍ ചിക്കന്‍ ബിരിയാണിയുമാണ് കഴിച്ചത്.


നാലു മണിയോടെ അനൂപിന് തലകറക്കമുണ്ടായി. തുടര്‍ന്ന് മറ്റു മൂന്ന് പേര്‍ക്കും തലകറക്കവും ഛര്‍ദ്ദിയും ഉണ്ടായി. ഇവരെ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാര്‍ ആസ്​പത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരുടെ മൊഴിയെടുത്തു. തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടീസും നല്‍കി. ഭക്ഷ്യസുരക്ഷാ വിഭാഗം ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ ശിവകുമാര്‍, ചീഫ് ഫുഡ് ഇന്‍സ്‌പെക്ടര്‍ സുദര്‍ശനന്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍ എ. സതീഷ്‌കുമാര്‍, ജോണ്‍ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മാറ്റിയതായും ആരോപണമുണ്ട്. ഹോട്ടല്‍ ജീവനക്കാര്‍ തര്‍ക്കങ്ങളുണ്ടാക്കിയതോടെ തമ്പാനൂര്‍ സി. ഐ. ഷീന്‍തറയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

പേട്ടയിലെ കെപ്‌കോയുടെ ചിക്കന്‍ റസ്റ്റോറന്റില്‍ നിന്ന് ആഹാരം കഴിച്ച ശ്രീജിത്തിനാണ് കോഴിക്കറിയില്‍ നിന്ന് തൂവലുകള്‍ കിട്ടിയത്. ചിക്കന്‍ പിരട്ടില്‍ ആദ്യം ഒന്നുരണ്ട് തൂവലുകള്‍ കിട്ടി. ഇതു മാറ്റിവെച്ച് നോക്കിയപ്പോള്‍ നിരവധി തൂവലുകള്‍ കറിയിലുണ്ടായിരുന്നു. ഇത് ജീവനക്കാരെ വിളിച്ചു കാണിച്ചപ്പോള്‍ വെയിറ്റര്‍മാര്‍ പെട്ടെന്ന് ഭക്ഷണം എടുത്ത്അകത്തേക്ക് കൊണ്ടുപോയി. ബില്ല് ആവശ്യപ്പെട്ടപ്പോള്‍ പണം വേണ്ടെന്നായി. ഒടുവില്‍ ശ്രീജിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ബില്ല് നല്‍കി. വാമനപുരം മണ്ണ് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനാണ് ശ്രീജിത്ത്. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കുമെന്ന് ശ്രീജിത്ത് പറഞ്ഞു.

No comments:

Post a Comment