Ads 468x60px

Monday, August 13, 2012

പൂട്ടിക്കുന്ന ഹോട്ടലുകളുടെ ചിത്രങ്ങള്‍ ഇനി വെബ്‌സൈറ്റില്‍

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പൂട്ടിക്കുന്ന ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും ചിത്രങ്ങള്‍ ഇനി ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ ഓഫിസുകളില്‍ ലഭിച്ചു. ഭക്ഷണശാലകളുടെ നിയമലംഘനം എങ്ങനെയെന്നും സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും ജനങ്ങള്‍ക്കു മനസ്സിലാക്കാനാണ് വെബ്‌സൈറ്റിലെ പ്രസിദ്ധീകരണം. പൂട്ടിക്കുന്ന ഹോട്ടലുകളിലെ പോരായ്മകള്‍ വ്യക്തമാകുന്ന ചിത്രങ്ങളാകും സൈറ്റില്‍ ഉണ്ടാവുക. പിന്നീടു പോരായ്മകള്‍ പരിഹരിച്ച് ഇവ തുറക്കുമ്പോള്‍ അതിന്റെ ചിത്രങ്ങളും പഴയതിനൊപ്പം പ്രദര്‍ശിപ്പിക്കും. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന ഭക്ഷണശാലകളെ നേര്‍വഴിക്കു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. റെയ്ഡുകള്‍ പകര്‍ത്താന്‍ ഭക്ഷ്യസുരക്ഷാ ഓഫിസുകള്‍ക്കു മെഡിക്കല്‍ കോര്‍പറേഷന്‍ വഴി ക്യാമറകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.

ഹോട്ടലുകളില്‍ പാചകം ചെയ്യാനും വെള്ളം നിറയ്ക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കും 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഐഎസ്‌ഐ നിലവാരം ഉറപ്പാക്കണമെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അറിയിപ്പില്‍ പറയുന്നു. അടുക്കള ജോലിക്കാര്‍ കയ്യുറയും യൂണിഫോമും തൊപ്പിയും ധരിക്കണം. വേവിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകം സൂക്ഷിക്കണം. വിളമ്പാനും ഭക്ഷണം കഴിക്കാനുമുള്ള പാത്രങ്ങള്‍ റാക്കുകളില്‍ അടുക്കി വയ്ക്കണം. ഇറച്ചി സൂക്ഷിക്കേണ്ടത് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 22 ഡിഗ്രി സെല്‍ഷ്യസ് വരെ ശീതീകരണ ശേഷിയുള്ള ഫ്രീസറുകളിലാണ്. അടുക്കളയുടെ തറയും അരഭിത്തി വരെയും ടൈല്‍ പാകണം.നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്കു ഭക്ഷ്യസുരക്ഷാ വിഭാഗം ബോധവത്കരണ ക്ലാസുകള്‍ നടത്തും.

No comments:

Post a Comment