കോഴിക്കോട്: കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം സംസ്ഥാനത്ത് നടപ്പാക്കാനുള്ള തയ്യാറെടുപ്പിന്റെ സമയപരിധി ഞായറാഴ്ച കഴിഞ്ഞിട്ടും അടിസ്ഥാനസംവിധാനങ്ങള്‍ പോലുമായിട്ടില്ല. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഈ നിയമം കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുകയാണ്. നിയമം നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 2011 ആഗസ്ത് അഞ്ചുമുതല്‍ കേരളത്തില്‍ ഭക്ഷ്യ സുരക്ഷാഗുണനിലവാര നിയമം പ്രാബല്യത്തിലുണ്ട്. 2012 ആഗസ്ത് അഞ്ചുമുതല്‍ ഈ നിയമം രാജ്യത്ത് കര്‍ശനമാക്കി നടപ്പാക്കാനായിരുന്നു നിര്‍ദേശം. നിയമം നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന് ഒരുവര്‍ഷത്തെ കാലാവധി നല്‍കിയിരുന്നു. ആഗസ്ത് അഞ്ചിന് ഈ കാലാവധി അവസാനിച്ചു. എന്നാല്‍ മതിയായ ജീവനക്കാരെ നിയമിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവുമുള്ള ഹോട്ടലുകള്‍ക്കെതിരെ പിഴശിക്ഷ നല്‍കണമെങ്കില്‍ അത് നിശ്ചയിക്കാനുള്ള അഡ്ജ്യുഡിക്കേഷന്‍ ഓഫീസറെ ഇതുവരെയും നിയമിച്ചിട്ടില്ല. കേസുകളില്‍ അപ്പീല്‍ പോകണമെങ്കില്‍ അപ്പലറ്റ് ട്രൈബ്യൂണലും ഇതുവരെയായിട്ടില്ല. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന നിയമത്തിലെ വ്യവസ്ഥകളും പാലിച്ചിട്ടില്ല.
2006-ല്‍ പാര്‍ലമെന്റ് പാസാക്കിയതാണ് ഈ നിയമം. 2010 ല്‍ കേരളത്തില്‍ ഭക്ഷ്യസുരക്ഷാകമ്മീഷണറേറ്റും സ്ഥാപിച്ചു. ഈ നിയമപ്രകാരം വലിയ കച്ചവടക്കാര്‍ ലൈസന്‍സും ചെറുകിടകച്ചവടക്കാര്‍ രജിസ്‌ട്രേഷനും എടുക്കണം. എന്നാല്‍ ഒരുവര്‍ഷം സമയം നല്‍കിയിട്ടും ഭൂരിപക്ഷം വ്യാപാരികളും ഇതിന് തയ്യാറായിട്ടില്ല. അതിനാല്‍ ലൈസന്‍സും രജിസ്‌ട്രേഷനും എടുക്കാനുള്ള സമയപരിധി ആറുമാസത്തേക്കുകൂടി ഇപ്പോള്‍ നീട്ടിയിരിക്കുകയാണ്. വ്യാപാരികളുടെ ഈ ഉത്തരവാദിത്വമില്ലായ്മയെ സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോഴും സര്‍ക്കാര്‍തലത്തില്‍ ചെയ്യേണ്ട ഒന്നും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പരിശോധന നടത്തുന്ന സര്‍ക്കാര്‍ ലാബുകളിലൊന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലുമായിട്ടില്ല. പുതിയ നിയമം കര്‍ശനമാക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥര്‍ എടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍തലത്തിലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകള്‍ക്ക് ഇതുവരെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല.
പരിശോധന നടത്താന്‍ നാമമാത്രമായ ഉദ്യോഗസ്ഥരാണുള്ളത്. ലക്ഷക്കണക്കിന് ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പരിശോധനയ്ക്കുള്ളത് 83 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും 14 ജില്ലാഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും 3 വിജിലന്‍സ് സ്‌ക്വാഡ് മുഖ്യഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും, ഭക്ഷ്യസുരക്ഷാ കമ്മീഷണറും മാത്രമാണ്. 90 കളിലെ സ്റ്റാഫ് പാറ്റേണാണ് ഇത്. ഓരോ വര്‍ഷം കഴിയുന്തോറും കടകളുടെ എണ്ണം കൂടുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ എണ്ണവും തസ്തികകളും വര്‍ധിപ്പിച്ചിട്ടില്ല. 65 നഗരസഭകള്‍ക്കായി 23 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. നിയമം കര്‍ശനമാക്കി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഭക്ഷ്യവിഷബാധയോ മറ്റോഉണ്ടായാല്‍ പെട്ടെന്ന് സാമ്പിളുകള്‍ ശേഖരിക്കാനോ പരിശോധിക്കാനോ ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും മാര്‍ഗങ്ങളില്ല. പുതിയ നിയമപ്രകാരം സ്ഥിരമായി പരിശോധന നടത്തണം. എന്നാല്‍ നിലവിലുള്ള പരിമിതമായ സംവിധാനങ്ങളില്‍ ഇത് സാധ്യമല്ല. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രം പേരിന് പരിശോധന നടത്താനേ പലപ്പോഴും ജീവനക്കാര്‍ക്ക് കഴിയുന്നുള്ളൂ.
Source:http://www.mathrubhumi.com
No comments:
Post a Comment