Ads 468x60px

Tuesday, August 7, 2012

ഓണക്കാലത്ത് ഹോട്ടല്‍ പരിശോധന കര്‍ശനമാക്കും

തൃശ്ശൂര്‍: ഓണക്കാലത്ത് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാനും ഇതിനായി പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കാനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗം തീരുമാനിച്ചു. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഒരിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ പൂട്ടിക്കാനും കൂടുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച തൃശ്ശൂരില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബസ് സ്റ്റാന്‍ഡുകള്‍, ആസ്​പത്രികള്‍, ആരാധനാകേന്ദ്രങ്ങള്‍ തുടങ്ങി തിരക്കുള്ള സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി പരിഗണിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തുമെന്ന് കമ്മീഷണര്‍ പറഞ്ഞു.


ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന പാല്‍, ഇറച്ചി മുതലായവയുടെ ഗുണനിലവാരം ഉറപ്പാക്കാനും പരിശോധന നടത്തും. കള്ളുഷാപ്പുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. തട്ടുകടകളില്‍ ശുചിത്വം ഉറപ്പാക്കാനായി ബോധവത്കരണം നടത്തും.
ശബരിമലയില്‍ അരവണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനായി ലബോറട്ടറി സ്ഥാപിക്കും. പ്രത്യേക സ്‌ക്വാഡിനെ ഇവിടെ നിയോഗിക്കും. സംസ്ഥാനത്ത് ഇതുവരെ 1200-ാളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി കമ്മീഷണര്‍ പറഞ്ഞു. 75 ഹോട്ടലുകള്‍ പൂട്ടി. 650 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മൂന്നുവര്‍ഷംകൊണ്ട് നിയമം പൂര്‍ണ്ണമായും നടപ്പാക്കാനാണ് പരിപാടി. ഇതിനായി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്നും കൂടുതല്‍ നിയമനം നടത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 13ന് വിളിച്ചുചേര്‍ത്തിട്ടുള്ള അവലോകനയോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കും.
ജില്ലാ, സര്‍ക്കിള്‍ തലത്തിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാരടക്കം 82 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാറും ഉണ്ടായി. ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രതിനിധികളുമായും കമ്മീഷണര്‍ ചര്‍ച്ച നടത്തി.

No comments:

Post a Comment