Ads 468x60px

Monday, August 13, 2012

ഭക്ഷ്യസുരക്ഷ: കോടതികള്‍ ഇല്ല; കേസുകള്‍ വഴിമുട്ടുന്നു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തി ചാര്‍ജ് ചെയ്ത കേസുകള്‍ വിചാരണ ചെയ്യുന്നതിനു നിയമം അനുശാസിക്കുന്ന പ്രത്യേക കോടതികള്‍ സംസ്ഥാനത്ത് നിലവിലില്ലാത്തതു കേസുകളെ പ്രതികൂലമായി ബാധിക്കുന്നു. ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ ഏതു കോടതിയില്‍ സമര്‍പ്പിക്കണമെന്ന് അറിയാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിസന്ധിയിലായി. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങളിലെ സൂക്ഷ്മജീവികളെ കണ്ടെത്താനുള്ള അംഗീകൃത ലബോറട്ടറികള്‍ സംസ്ഥനത്ത് നിലവിലില്ലാത്തതും വിനയായി. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിനു വന്ന വീഴ്ചകള്‍ പരിശോധിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും.  മായം ചേര്‍ക്കല്‍ നിരോധന നിയമത്തിനു പകരമായി പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിന് അനുസരിച്ച് ഇവിടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. 2009ല്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് രൂപീകരിച്ചതല്ലാതെ നിയമം അനുശാസിക്കുന്ന അനുബന്ധ നടപടികളൊന്നും സംസ്ഥാനം സ്വീകരിച്ചിട്ടില്ല.

ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്താല്‍ അതു വില്‍ക്കുന്നവര്‍ക്കെതിരെ എടുക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഡ്ജുഡിക്കേഷന്‍ ഓഫിസറെ നിയമിക്കണമെന്നാണു നിയമത്തില്‍ പറയുന്നത്. 10 ലക്ഷം രൂപ വരെ പിഴയൊടുക്കാവുന്ന കേസുകള്‍ അഡ്ജുഡിക്കേഷന്‍ ഓഫിസര്‍ക്കു കൈകാര്യം ചെയ്യാം. അതിലും തീവ്രതയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കാനാണു നിയമം വ്യവസ്ഥ ചെയ്യുന്നത്.

എന്നാല്‍, ഇത്തരത്തിലുള്ള ഒരു സംവിധാനവും ഇവിടെ നിലവിലില്ല. പ്രത്യേക കോടതിക്കു മുകളില്‍ അപ്പലറ്റ് അതോറിറ്റി രൂപീകരിക്കണമെന്നും നിയമം അനുശാസിക്കുന്നു. അതിനും മേലെയുള്ള കോടതി മാത്രമാണ് ഹൈക്കോടതി. ഇപ്പോള്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ എവിടെ  സമര്‍പ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 

പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത്, നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസിന്റെ അംഗീകാരമുള്ള ലബോറട്ടറി സ്ഥാപിക്കണമെന്നും നിയമത്തില്‍ നിര്‍ദേശമുണ്ട്.

നിയമം പ്രാബല്യത്തില്‍ വന്നിട്ടും അംഗീകാരമുള്ള ലബോറട്ടറി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടില്ല. മായം ചേര്‍ക്കല്‍ നിരോധന നിയമം നിലവിലുണ്ടായിരുന്ന സമയത്തു സ്ഥാപിച്ച മൂന്നു ലാബുകളും ശബരിമലയ്ക്കുവേണ്ടി പത്തനംതിട്ടയില്‍ സ്ഥാപിച്ച ലാബുമടക്കം നാലു ലാബുകളാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു കീഴിലുള്ളത്. ഈ ലാബുകള്‍ക്കൊന്നും പുതിയ നിയമം നിര്‍ദേശിക്കുന്ന തരത്തിലുള്ള ദേശീയ അക്രഡിറ്റേഷന്‍ ഇല്ല.ഹോട്ടലുകളില്‍നിന്നു പരിശോധനയ്ക്കായി ശേഖരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്ന അതേ അവസ്ഥയില്‍ (പഴകാതെ) മൈക്രോ ബയോളജി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ പരിശോധന നടത്താനും സാംപിളുകള്‍ അതേപടി എത്തിക്കാനും സംവിധാനം ഒരുക്കിയിട്ടില്ല. നൂറില്‍ താഴെ ഉദ്യോഗസ്ഥരാണു ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇത് ഇരട്ടിയാക്കണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല.
Source:http://www.manoramaonline.com

No comments:

Post a Comment