Ads 468x60px

Wednesday, August 22, 2012

കേടായ മല്‍സ്യം വിറ്റാല്‍ പിഴ; കരിമീന്റെ വ്യാജനെ പിടിക്കും

കോട്ടയം: കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ മല്‍സ്യത്തില്‍ കുത്തിവയ്ക്കുന്നതു തടയുക, സംസ്ഥാനത്തെ ഉള്‍നാടന്‍ജലാശയങ്ങളില്‍ മല്‍സ്യകൃഷി നടത്തി ഉല്‍പാദനം വര്‍ധിപ്പിച്ചു കയറ്റുമതി ലക്ഷ്യമിടുക, വംശനാശഭീഷണി നേരിടുന്ന നാടന്‍ മല്‍സ്യങ്ങള്‍ സംരക്ഷിച്ചു ഉല്‍പാദനം വര്‍ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടു സര്‍ക്കാര്‍ സമഗ്രമല്‍സ്യനയം തയാറാക്കുന്നു. ഫിഷറീസ് വകുപ്പ് തയാറാക്കി നിയമവകുപ്പില്‍ അന്തിമ പരിശോധനാ ഘട്ടത്തിലുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. കേരളത്തില്‍ 2010-11ല്‍ 6.82 ടണ്‍ മല്‍സ്യമാണ് ഉല്‍പാദിപ്പിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ പകുതിപോലും മല്‍സ്യം ലഭിക്കുന്നില്ലെന്നാണു കണക്ക്. സംസ്ഥാന മല്‍സ്യമായി പ്രഖ്യാപിച്ച കരിമീന്‍പോലും ആവശ്യത്തിന്റെ 10% പോലും ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള വ്യാജ കരിമീനും കേരളത്തിന്റെ കരിമീനു പേരുദോഷമായി വിപണി പിടിച്ചിട്ടുണ്ട്.

കരിമീനുള്‍പ്പെടെ സംസ്ഥാനത്തെ ജലാശയങ്ങളില്‍ വളരുന്ന നാടന്‍ മല്‍സ്യങ്ങളുടെ ഗുണമേന്മയുള്ള വിത്തുല്‍പാദിപ്പിച്ചു കൂടുതല്‍ കൃഷിയും അതുവഴി വന്‍തോതില്‍ തൊഴില്‍ സംരംഭങ്ങളും ബില്‍ വിഭാവനം ചെയ്യുന്നു. ചെറുകിട വ്യവസായത്തിനു സബ്‌സിഡി നല്‍കാനും കൃഷിക്കു സൗകര്യമൊരുക്കാന്‍ കര്‍ഷകരിലേക്കു പണമെത്തിക്കാനും നയം ലക്ഷ്യമിടുന്നു. മല്‍സ്യവില ഇടയ്ക്കു വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതു തടയാനും വ്യവസ്ഥയുണ്ടാകും. കേരളത്തില്‍ വിപണിയില്‍ എത്തുന്ന മല്‍സ്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തും.
കേരള അതിര്‍ത്തിയില്‍നിന്നു പിടിക്കുന്ന മല്‍സ്യത്തില്‍ കൂടുതലും കയറ്റുമതി ചെയ്യുമ്പോള്‍, കേരളത്തിലെത്തുന്നതു തമിഴ്‌നാട് കടല്‍മേഖലയില്‍നിന്നും മംഗലാപുരത്തു നിന്നുമൊക്കെയാണ്. തീരത്തെത്താന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ കേടാകാതിരിക്കന്‍ വിലയേറിയ മല്‍സ്യങ്ങളില്‍ കടലില്‍വച്ചുതന്നെ രാസവസ്തുക്കള്‍ കുത്തിവയ്ക്കുകയും കേരളത്തിലെത്തിക്കുകയും ചെയ്യുന്നു. മല്‍സ്യത്തിനൊപ്പം അമോണിയം ചേര്‍ത്തുള്ള ഐസ് ഇട്ടു സൂക്ഷിക്കുന്നതും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതു തടയാന്‍ പ്രത്യേക പരിശോധനയ്ക്കു പ്രത്യേക സംഘത്തെ നിയമിക്കും.
മല്‍സ്യം വളര്‍ത്തുന്നതു വൃത്തിയുള്ള സാഹചര്യത്തിലാണോ എന്നും പരിശോധിക്കും. രോഗം ബാധിച്ച മല്‍സ്യം വിപണിയിലെത്തുന്നതും തടയും. 'ഫിഷ് സീഡ് അനലിസ്റ്റുകള്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ എന്ന പേരില്‍ ഫീല്‍ഡില്‍ നിയമിക്കുന്ന ഇവര്‍ക്കു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം നല്‍കും. കാന്‍സര്‍ രോഗബാധയുണ്ടാക്കാവുന്ന രാസവസ്തുക്കള്‍ മല്‍സ്യത്തില്‍ കുത്തിവയ്ക്കുന്നെന്ന പരാതികളുമുണ്ട്. മല്‍സ്യം ശേഖരിക്കുന്ന സ്ഥലത്തും മറ്റും പരിശോധന നടത്താന്‍ ഇവര്‍ക്ക് അധികാരമുണ്ടാകും.
ഗുണമേന്മ പരിശോധനയ്ക്കു ജില്ലാതലത്തില്‍ ലബോറട്ടറികളും സ്ഥാപിക്കും. കേടായ മല്‍സ്യവും രാസവസ്തുക്കളുടെ ഉപയോഗവും തെളിഞ്ഞാല്‍ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന മല്‍സ്യമേഖലയുടെ ഏകീകരണവും ഉല്‍പാദനവും ഗുണനിലവാരവും ലക്ഷ്യമിട്ടാണ് 'മല്‍സ്യവിത്ത് ബില്ല് എന്ന പേരില്‍ മല്‍സ്യനയം കൊണ്ടുവരുന്നതെന്നു മന്ത്രി കെ. ബാബു 'മനോരമ യോടു പറഞ്ഞു.

No comments:

Post a Comment