Ads 468x60px

Saturday, August 25, 2012

പാലില്‍ മായം സര്‍വത്ര, അതിനാര്‍ക്കാണു ചേതം

എറിയാനറിയുന്നവന്‍റെ കയ്യില്‍ വടി കൊടുക്കില്ലെന്നു പറഞ്ഞതു പോലെയാണ് സംസ്ഥാനത്തെ ഫുഡ് സേഫ്റ്റിയുടെ കാര്യം. മായം കണ്ടു പിടിക്കാനറിയുന്നവര്‍ക്ക് നടപടിയെടുക്കാന്‍ അധികാരമില്ല. നടപടിയെടുക്കാന്‍ അധികാരമുള്ളവനാണെങ്കില്‍ കണ്ടു പിടിക്കാനൊട്ടു പ്രാവീണ്യവുമില്ല. സംസ്ഥാനത്ത് ഏറ്റ വും കുറവ് ലഭ്യതയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന പാലും പാലുത്പ്പന്നങ്ങളും കാലങ്ങളായി മായത്തിന്‍റെ പിടിയിലാണ്.പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷമായി പാലില്‍ മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലുമെടുത്തിട്ടില്ല. സംസ്ഥാനത്ത് എംഎംപിഒ (മില്‍ക് ആന്‍ഡ് മില്‍ക് പ്രൊഡക്റ്റ് ഓര്‍ഡര്‍) നിലവിലുള്ള കാലത്ത് പാലില്‍ മായം ചേര്‍ക്കുന്നതു കണ്ടു പിടിയ്ക്കാന്‍ ക്ഷീരവികസന വകുപ്പിനായിരുന്നു അധികാരം. ഡയറി സയന്‍സില്‍ ബിടെക് ബിരുദധാരികളായ ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ജില്ലകളിലും ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുണ്ട്. ഇതിനു പുറമെ എല്ലാ ബ്ലോക്കുകളിലും ക്ഷീരവികസന യൂനിറ്റുകളും ജീവനക്കാരുമുണ്ട്. ഇവര്‍ക്കായി റീജ്യനല്‍ ലാബുകളുമുണ്ട്. എന്നാല്‍ 2011ല്‍ എംഎംപി ഓര്‍ഡര്‍ മാറി എഫ്എസ്എസ്എ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്റ്റ്) നിലവില്‍ വന്നതോടെ സ്ഥിതിയാകെ മാറി. അധികാരങ്ങളെല്ലാം ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കു നല്‍കി.

ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യവകുപ്പിലെ ഫുഡ് ഇന്‍സ്പെക്റ്റര്‍മാരാണ്. ജില്ലാ ഫുഡ് ഇന്‍സ്പെക്റ്ററാണ് ഡെസിഗ്നേറ്റഡ് ഓഫിസര്‍. ഇദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഇന്‍സ്പെക്റ്റര്‍മാര്‍ വെറും പത്തു മാസത്തെ പരിശീലനം കഴിഞ്ഞാണു സേവനത്തിനെത്തുന്നത്. പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളില്‍ തന്നെ കയറാന്‍ നേരമില്ലാത്ത ഇവരാണ് പാലിലെ മായം കണ്ടു പിടിയ്ക്കാന്‍ നിയോഗിയ്ക്കപ്പെടുന്നത്. വെറും സാംപിളെടുത്ത് കാക്കനാട്ടെ റീജ്യനല്‍ ലബോറട്ടറിയിലേയ്ക്ക് അയയ്ക്കുകയെന്നതു മാത്രമാണ് ഇവരുടെ നിയോഗം. തുടര്‍ന്നു വര്‍ഷങ്ങളോളം ഇത് കാക്കനാട്ടെ ലാബിലിരിയ്ക്കും. വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ഇവ പരിശോധിയ്ക്കുക. പിന്നെ കിട്ടുന്ന ലാബ് റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് എടുക്കുക.

ക്ഷീരവികസന വകുപ്പിനു കീഴില്‍ ഡയറി സയന്‍സില്‍ ബിടെക് ബിരുദധാരികളും 20 മെയ്ന്‍ ലാബുകളടക്കം 50ഓളം ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളും സംസ്ഥാനത്ത് പൊടി പിടിച്ചു കിടക്കുമ്പോഴാണ് കാക്കനാട്ടെ ലാബില്‍ ചെന്ന് പാല്‍ സാംപിളുകള്‍ ക്യൂ നില്‍ക്കുന്നതെന്ന് ഓര്‍ക്കണം. പാലിന്‍റെ കാര്യം ക്ഷീര വകുപ്പിനു നല്‍കാന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫിസ് ഇതു അട്ടിമറിയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് വിപണിയിലുള്ളത് നാലു വിധം പാലാണ്. ഫാറ്റ് കണ്ടെന്‍റിലും എസ്എന്‍എഫ് (സോളിഡ് നോട്ട് ഫാറ്റ്)ലുമുള്ള വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവ വേര്‍തിരിച്ചിരിക്കുന്നത്. ടോണ്‍ഡ് (ഫാറ്റ്: 3%, എസ്എന്‍എഫ്: 8.5), സ്റ്റാന്‍ഡേഡൈസ്ഡ് (ഫാറ്റ്: 4.5, എസ്എന്‍എഫ്: 8.5) ഡബിള്‍ ടോണ്‍ഡ് (ഫാറ്റ്: 1.5, എസ്എന്‍എഫ്: 9) സ്കിംഡ് മില്‍ക്ക് (ഫാറ്റ്: 0.7, എസ്എന്‍എഫ്: 9) എന്നിവയാണിത്. മില്‍ക് പ്ലാന്‍റുകളില്‍ ക്രീം വേര്‍തിരിച്ചാണ് ഇത്തരം പാലുണ്ടാക്കുന്നത്. മില്‍മയാണ് ഈ പ്രോസസിങ് കാര്യക്ഷമമായി ചെയ്യുന്നത്. ബാക്കിയുള്ള അന്യസംസ്ഥാന, സ്വകാര്യ പാലുല്‍പ്പാദകരെല്ലാം മേല്‍പ്പറഞ്ഞ സ്റ്റാന്‍ഡേഡ് നിയമം അനുസരിയ്ക്കുന്നില്ലെന്ന് ക്ഷീരവികസന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പാല്‍ കേടാകാതിരിയ്ക്കാന്‍ സ്വകാര്യ പാലുത്പ്പാദകര്‍ ഹൈഡ്രജന്‍ പെറോക്സൈഡ്, മൃതദേഹം കേടുകൂടാതിരിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഫോമാല്‍ഡിഹൈഡ്, ആന്‍റി ബയോട്ടിക്സ് എന്നിവ വ്യപകമായി ഉപയോഗിയ്്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാന്‍സറിനു കാരണമായേക്കാവുന്നതും പ്രതിരോധ ശേഷി നശിയ്ക്കുന്നതുമായ രാസപഥാര്‍ത്ഥങ്ങളാണിവ.

മാരകമായ ഈ രാസപദാര്‍ത്ഥങ്ങളടങ്ങിയ പാലുകള്‍ വിപണിയില്‍ വിലസുമ്പോഴാണ് എല്ലാ സൗകര്യങ്ങളുമുള്ള ക്ഷീരവികസന വകുപ്പ് നടപടിയെടുക്കാന്‍ അധികാരമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നത്. അധികാരമുള്ള ഫുഡ് ഇന്‍സ്പെക്റ്റര്‍മാരാകട്ടെ സാംപിളെടുത്ത് അയച്ചു കൊണ്ടുമിരിക്കുന്നു. ഓണക്കാലമായാല്‍ ആഘോഷങ്ങളില്‍ മതിമറക്കുന്ന ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാനായി വര്‍ഷങ്ങളായി ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക കലാപരിപാടിയാണ് ചെക്ക് പോസ്റ്റുകളിലടക്കം പാല്‍ പരിശോധന. സാംപിളെടുത്താലും ഇതിന്‍റെ പരിശോധനാ റിപ്പോര്‍ട്ടൊന്നും വരാന്‍ പോകുന്നില്ലെന്ന് ഉദ്യോഗസ്ഥരെ പോലെ പാല്‍ കമ്പനികള്‍ക്കുമറിയാം.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷണ സാംപിളുകളുടെ അവസ്ഥയുമിതാണ്. 2011ല്‍ പാസാക്കിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്റ്റ് നടപ്പാക്കാന്‍ പ്രത്യേക നിയമവും കോടതിയും വേണമെന്നു വ്യവസ്ഥയുണ്ട്. ഇക്കാര്യം അനിശ്ചിതത്വത്തിലാണ്. പിന്നെങ്ങനെ മായം ചേര്‍ത്തു ഭക്ഷണം വില്‍ക്കുന്നതിനെതിരെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കേസെടുക്കും? ഇത്തരം പരിമിതികള്‍ക്കുള്ളിലാണു തങ്ങളെന്ന് അറിയാവുന്നവരാണ് ഫുഡ് സേഫ്റ്റി കമ്മീഷണറും കീഴുദ്യോഗസ്ഥരും. പിന്നെന്തിനാവാം പാല്‍ പരിശോധനയുടെ അധികാരങ്ങള്‍ കൂടി തങ്ങള്‍ക്കു വേണമെന്ന് ഇവര്‍ വാശി പിടിയ്ക്കുന്നത്. എല്ലാവരെയും പോലെ ഫുഡ് ഇന്‍സ്പെക്്റ്റര്‍മാര്‍ക്കും ചെലവുകള്‍ ഒരുപാടുള്ള കാലമാണ് ഓണം.

പതിവായെത്തുന്ന ലക്ഷക്കണക്കിനു ലിറ്റര്‍ പാലിനേക്കാള്‍ വളരെക്കൂടുതല്‍ പാല്‍ ഓണക്കാലത്തു സംസ്ഥാനത്തെത്തും.അതിനനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള പടിയുടെ വലിപ്പവും കൂടും. പാലിനൊപ്പം അദൃശ്യമായി ഒഴുകിപ്പരക്കുന്ന ഇത്തരം മാസപ്പടികളാകാം ഉദ്യോഗസ്ഥരെ ഇങ്ങനെ വാശി പിടിപ്പിയ്ക്കുന്നത്. പാല്‍ പായ്ക്കറ്റുകള്‍ക്കൊപ്പമെത്തുന്ന ഈ പ്രലോഭനങ്ങള്‍ പക്ഷെ വര്‍ഷങ്ങളായി കേരളജനതയുടെ ആരോ ഗ്യമാണു കാര്‍ന്നു തിന്നുന്നത്.

No comments:

Post a Comment