Ads 468x60px

Saturday, August 25, 2012

ഉദ്യോഗസ്ഥ ക്ഷാമം: ഭക്ഷ്യമേളകള്‍ക്ക് ഒരു നിയന്ത്രണവുമില്ല

ഇത്തവണ ഓണത്തിന് ആര്‍ക്കും ഭക്ഷ്യമേള സംഘടിപ്പിക്കാം. ഇതിന് താല്‍ക്കാലിക ലൈസന്‍സ് വേണ്ടെന്ന സ്ഥിതിയായി. ജീവനക്കാരുടെയും വാഹന സൗകര്യത്തിന്റെയും അഭാവത്തിനു പുറമേ അമിത ജോലിഭാരം കൂടി വന്നതോടെ ലൈസന്‍സ് പരിശോധന ആറുമാസത്തേക്കു നിര്‍ത്തി വയ്ക്കാനാണു ഭക്ഷ്യസുരക്ഷാ ജീവനക്കാരുടെ തീരുമാനം. വ്യാവസായികാടിസ്ഥാനത്തിലുള്ള ഭക്ഷ്യമേളകള്‍ക്കു താല്‍ക്കാലിക ലൈസന്‍സ് നിര്‍ബന്ധമാണെന്ന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശം ഇതോടെ അട്ടിമറിക്കപ്പെടും. ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ 2013 ജനുവരി വരെ സര്‍ക്കാര്‍ സമയമനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനും പുതിയ ലൈസന്‍സ് നല്‍കുന്നതിനുമുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുമുള്ള ജീവനക്കാര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഇല്ല. ഉദ്യോഗസ്ഥ ക്ഷാമം ബോധ്യമുള്ളതിനാല്‍ സാധനങ്ങളുടെ ഗുണമേന്മ പരിശോധനയെങ്കിലും കൃത്യമായി നടപ്പാക്കണമെന്നു മാത്രമാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഓണത്തോടനുബന്ധിച്ചു വില ക്രമാതീതമായി വര്‍ധിക്കുമെന്നതിനാല്‍ മോശമായ ഭക്ഷണ സാധനങ്ങള്‍ വിപണിയിലെത്താനിടയുണ്ട്. ഈ സാഹചര്യം നേരിടാന്‍ മൃഗസംരക്ഷണം, ഫിഷറീസ്, ഡെയറി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്കു നിയോഗിക്കുമെന്നു നേരത്തേ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുകയും മോശം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ 10 ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ കഴിയുന്ന നിയമം കഴിഞ്ഞ വര്‍ഷം നിലവില്‍ വന്നെങ്കിലും ഇതിനു ചുമതലയുള്ള ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പലേറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ തടവ് ഉള്‍പ്പെടെ കഠിനശിക്ഷകള്‍ വിധിക്കാന്‍ അധികാരമുള്ള പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നതിനു ഹൈക്കോടതിയുടെയും നിയമവകുപ്പിന്റെയും ഉപദേശം തേടുമെന്നും പ്രഖ്യാപിച്ചിരുന്നതാണ്. ഇക്കാര്യങ്ങളില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. 

No comments:

Post a Comment