കട്ടപ്പന: ഭക്ഷണശാലകളില്‍ പരിശോധന നടത്താനായി ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും പുറത്തിറക്കിയ സര്‍ക്കുലര്‍ ഉദ്യോഗസ്‌ഥരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു. ആരോഗ്യ വകുപ്പിനു കീഴിലുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്‌ഥരുമാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ മേയ് 22 ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഭക്ഷണശാലകള്‍ പരിശോധിക്കാനുള്ള അധികാരം ഫുഡ് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കു മാത്രമായി ചുരുങ്ങി. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഈ ഉത്തരവ് കൈമാറുകയും ചെയ്‌തു. ഈ സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് ഭക്ഷണശാലകളില്‍ പരിശോധന നടത്താമെന്ന പുതിയ സര്‍ക്കുലര്‍ ജൂണ്‍ നാലിന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി. എന്നാല്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ ഭക്ഷണശാലകളിലെ പരിശോധനയില്‍ നിന്ന് പിന്തിരിയുകയാണ്. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കൈമാറിയിട്ടുമില്ല. പരിശോധന നടത്തിയാല്‍ തന്നെ നിയമ പ്രശ്‌നങ്ങള്‍ക്കിട വരുമെന്നാണ് ഉദ്യോഗസ്‌ഥരുടെ ആശങ്ക. 5,500-ല്‍പ്പരം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ അധികാരമുണ്ടായിരുന്നത്. എന്നാല്‍ ഉത്തരവ് പ്രകാരം ഇതു 95-ലേക്ക് ചുരുങ്ങി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരെ ഭക്ഷണശാലകളിലെ പരിശോധനകളില്‍നിന്ന് ഒഴിവാക്കുന്നതു മൂലം ഇപ്പോള്‍ നടത്തുന്ന പരിശോധനകളും അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Source:http://mangalam.com
No comments:
Post a Comment