തിരുവനന്തപുരം: ഇനി പൊതുനിരത്തിലോ സ്ഥലത്തോ മൂത്രമൊഴിച്ചാല്‍ നൂറുരൂപ പിഴ ഒടുക്കണം. ഒരാള്‍ ഇതേ തെറ്റ് പല പ്രാവശ്യമാവര്‍ത്തിച്ചാല്‍ ശിക്ഷ വേറെയുമുണ്ടാവും. ധന, നിയമ വകുപ്പുകളുടെ പരിഗണനയിലുള്ള ഏകീകൃത പൊതുജനാരോഗ്യ നിയമത്തിലാണ് ഈ നിര്‍ദേശമുള്ളത്. മലിനജലം ഒഴുക്കിവിടുകയോ, മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ ചെയ്താല്‍ പരമാവധി പതിനായിരം രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം. 1932-ലെ മലബാര്‍ ആക്ടും 1955-ലെ തിരുവിതാംകൂര്‍ ആക്ടുമാണ് ഏകീകരിക്കുന്നത്. രണ്ട് നിയമങ്ങളിലെയും ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളാണ് പൊതുജനാരോഗ്യവിദഗ്ദ്ധരും തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതരും ചേര്‍ന്ന് തയാറാക്കിയത്. പൊതുസ്ഥലത്ത് ചവര്‍ വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപ വരെയാകും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിവേറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകളും ഇനി പിഴ ഒടുക്കണം. കക്കൂസ്, മൂത്രപ്പുര എന്നിവയില്ലാത്ത സ്‌കൂളുകള്‍ക്ക് 5000 രൂപ വരെ പിഴ ഒടുക്കേണ്ടിവരും. വീടുകളിലെ ഡ്രെയിനേജ് ലൈനുകള്‍ ഓടയിലേക്ക് തുറന്ന് വിട്ടാല്‍ 500 രൂപയാണ് പിഴ. വീട്ടില്‍ കുടിക്കുകയും തുണി കഴുകുന്നതുമായ വെള്ളം പൊതുനിരത്തില്‍ ഒഴുക്കിവിട്ടാല്‍ 2500 രൂപ പിഴ ഒടുക്കണം. നദി, പുഴ തുടങ്ങിയ പൊതുജലസ്രോതസുകളിലേക്ക് മലിനജലം ഒഴുക്കിവിട്ടാല്‍ ഇനി മുതല്‍ കടുത്ത ശിക്ഷയുണ്ടാവും. മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ 5000 രൂപ വരെ പിഴ ഒടുക്കേണ്ടിവരും. ഇനിമുതല്‍ നഗര, ഗ്രാമ, വ്യത്യാസമില്ലാതെ സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യ അതോറിട്ടിയുടെ സാനിറ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും 1000 രൂപ പിഴയടിക്കും. സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇവര്‍ക്കായി പ്രത്യേകം അടിസ്ഥാന സൗകര്യമൊരുക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴ ഒടുക്കേണ്ടിവരും. കിണര്‍ ഉപയോഗശൂന്യമാക്കിയിട്ടാല്‍ 500 രൂപ പിഴ നല്‍കണം. അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളില്‍ വാടകക്കാരെ താമസിപ്പിച്ചാല്‍ 250 രൂപയാണ് പിഴ. ഏകീകൃത പൊതുജനാരോഗ്യ നിയമപ്രകാരം സംസ്ഥാന, ജില്ലാ, തദ്ദേശ ഭരണ സ്ഥാപനതലങ്ങളില്‍ അതോറിറ്റികള്‍ രൂപവത്കരിക്കും. സംസ്ഥാന പബ്ലിക് ഹെല്‍ത്ത്അതോറിറ്റിയില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായുള്ള സമിതിക്കാണ് ഭരണചുമതല. അതോറിറ്റിയില്‍ തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഡി. എച്ച്. എസ്., ഫുഡ് സേഫ്ടി കമ്മീഷണര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ജില്ലാ തല അതോറിറ്റിയുടെ ചെയര്‍മാന്‍ കളക്ടറാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നഗരസഭ, പഞ്ചായത്ത് കമ്മിറ്റികളാണ് അതോറിട്ടിയായി പ്രവര്‍ത്തിക്കുക. നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസറും പഞ്ചായത്തുകളില്‍ മെഡിക്കല്‍ ഓഫീസറുമാണ്‌നിര്‍വഹണ ഉദ്യേഗസ്ഥര്‍.അതോറിറ്റികളില്‍ പൊതുജനാരോഗ്യ വിദഗ്ദ്ധരെ സമിതികള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. തദ്ദേശ അതോറിറ്റികള്‍ക്ക് നടപടിയെടുക്കാന്‍ കഴിയാതെ വരുന്ന കേസുകള്‍ ജില്ലാ, സംസ്ഥാന സമിതികള്‍ക്ക് കൈമാറാം. നിയമ - ധന വകുപ്പുകളുടെ അംഗീകാരം ലഭിച്ചാല്‍ അടുത്ത നിയമസഭാ സമ്മേളനകാലത്ത് ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
Source:http://www.mathrubhumi.com
No comments:
Post a Comment