കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഒരു വര്‍ഷമായിട്ടു ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്ന് ആക്ഷേപം. പുതിയ ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുതന്നെ പഴയ ഭക്ഷ്യസുരക്ഷ നിയമം പിന്‍വലിച്ചതാണു ഗുണനിലവാര പരിശോധനയടക്കമുള്ള കാര്യങ്ങള്‍ മുടങ്ങാന്‍ കാരണം. അതേസമയം, പുതിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാനുള്ള പല നടപടികളും ഇനിയും ആരംഭിച്ചിട്ടുമില്ല. പുതിയ ഭക്ഷ്യസുരക്ഷ നിയമം ഓഗസ്‌റ് അഞ്ചു മുതലാണു സംസ്ഥാനത്തു നടപ്പിലാക്കേണ്ടത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി വ്യാപാര സ്ഥാപനങ്ങള്‍ അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പാകെ രജിസ്‌റര്‍ ചെയ്യണം. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വ്യാപാരസ്ഥാനങ്ങള്‍ക്കു നൂറു രൂപയാണു രജിസ്‌ട്രേഷന്‍ ഫീസ്. അതില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കു രണ്ടായിരം രൂപ ഫീസ്. കൂടാതെ, പുതുതായി തുടങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ 3,000 രൂപ അടച്ചു രജിസ്‌റര്‍ ചെയ്യണം. അതതു ജില്ലാ കേന്ദ്രങ്ങളിലുള്ള ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ പക്കല്‍നിന്നു ലൈസന്‍സും എടുക്കണം. പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളില്‍നിന്നു രണ്ടുലക്ഷം രൂപവരെ പിഴയീടാക്കാം. കൂടാതെ മോശമായ ഭക്ഷണസാധനങ്ങള്‍ ഇവരുടെ പക്കല്‍നിന്നു പിടികൂടിയാല്‍ പിഴ അഞ്ചു ലക്ഷം വരെയാകും. നാമമാത്രമായ വ്യാപാരസ്ഥാപന ങ്ങള്‍ മാത്രമാണ് ഇതുവരെ രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുംനിന്ന് ഇതുവരെ ആരംഭിച്ചിട്ടുമില്ല. പുതിയ നിയമത്തിനെതിരേ വ്യാപാരികള്‍ എതിര്‍പ്പുകളുമായി രംഗത്തുവന്നെങ്കിലും ഇവരുമായി ചര്‍ച്ച നടത്താനും അധികൃതര്‍ തയാറായിട്ടില്ല. ഭക്ഷണ സാമ്പിളുകള്‍ പരിശോധിക്കാന്‍ അതതു ജില്ലകളില്‍ ലാബുകള്‍ വേണമെന്നാണു നിയമം. ലാബിന് അക്രഡിറ്റേഷന്‍ നല്‌കേണ്ടതു കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെയും ലാബുകള്‍ തുടങ്ങാനുള്ള നടപടി ആയിട്ടില്ല. കൂടാതെ ഭക്ഷ്യസുരക്ഷനിയമത്തിന്റെ ഭാഗമായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികളും വൈകുകയാണ്. അതിനാല്‍ പുതിയ ഭക്ഷ്യസുരക്ഷ നിയമം നിലവില്‍ വരാന്‍ കാലതാമസം നേരിടുമെന്നാണു കരുതുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment