Ads 468x60px

Tuesday, July 17, 2012

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം : ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിച്ചിരുന്ന
സാല്‍വ കഫേ ഹോട്ടലിന്റെ ഉടമ അബ്ദുല്‍ ഖാദറിനെതിരെ കേസെടുത്തു. ഉടമക്കെതിരെയാണ്  ജീവപര്യന്തം ശിക്ഷവരെ ലഭിക്കാന്‍ കുറ്റംചുമത്തി കേസെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.  ഇതനുസരിച്ച് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണ് കേസെടുക്കുക. തടവ് ശിക്ഷക്ക് പുറമെ അഞ്ച് ലക്ഷം രൂപവരെ പിഴയൊടുക്കണ്ടതായും വരുന്ന വകുപ്പനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്യുക.
 
പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പെടുത്തി കേസെടുക്കും. 2011ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ 65-ാം വകുപ്പനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വിഷബാധയേറ്റ് നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലായെന്നും ഇവരില്‍ പലരെയും ഹോട്ടലുടമ ചികിത്സാ ചെലവ് നല്‍കി അനുനയിപ്പിച്ചെന്നും തന്റെ അന്വേഷണത്തില്‍ തെളിഞ്ഞതായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായി ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപികരിച്ച് പരിശോധന നടത്താനും പരീശോധനയില്‍ ലൈസന്‍സും രജീസ്റ്ററേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
 
ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിക്കുമ്പോള്‍ ലഭിക്കുന്ന ബില്ല് പൊതുജനങ്ങള്‍ സുക്ഷിച്ച് വയ്ക്കാനും. എതൊങ്കിലും ഹോട്ടലുകള്‍ക്കെതിരെ ജനങ്ങള്‍ക്കുള്ള പരാതി 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിക്കാവുന്നതുമാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ പത്ര പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലെ തലസ്ഥാനത്തെ ഹോട്ടലുകളില്‍ കോര്‍പറേഷനും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍കോളേജിനും ജനറല്‍ ആശൂപത്രിക്കും സമീപം പ്രവര്‍ത്തിക്കുന്ന 13നോളം ഹോട്ടലുകളിലാണ് ഇവര്‍ പരീശോധന നടത്തിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിക്ക് സമീപം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഹോട്ടലുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും സംഘം നിര്‍ദ്ദേശം നല്‍കി. ആറുമാസത്തിനുള്ളില്‍ ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനം നടത്താനും നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
 
ഇക്കഴിഞ്ഞ പത്തിനാണ് വഴുതക്കാട് സാല്‍വ കഫേ എന്ന ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യു റോയി (21) അവശ നിലയിലാകുകയും മരിക്കുകയും ചെയ്തത്. ബാംഗ്ലൂരില്‍ ജോലിക്ക് പോകുകയായിരുന്ന സച്ചിന്‍ ഇവിടെ നിന്ന് ഷവര്‍മ കഴിച്ച ശേഷം ബസിലാണ് യാത്ര തിരിച്ചത്. ബാംഗ്ലൂരിലെത്തിയ സച്ചിന്‍ അവശനിലയിലായതിനെ തുടര്‍ന്ന് വിവരം വിദേശത്തുളള മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ആസ്പത്രിയില്‍ പോകാതിരുന്ന സച്ചിനെ പിന്നീട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
 
അന്നു തന്നെ ഇതേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച ചലച്ചിത്രതാരം ഷോബി തിലകനും കുടുംബവും ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷോബി തിലകനാണ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ക്ക് ആദ്യം പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷോബിയും കുടുംബവും ആസ്പത്രിയിലായത്. ഇദ്ദേഹത്തിന്റെ പരാതി നിലനില്‍ക്കേയാണ് ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ് ഒരാള്‍ മരിക്കുക കൂടി ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമണ്‍സ് കോളജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ നിന്ന് പ്രതിദിനം നൂറുകണക്കിനാളുകളാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19ന് തലസ്ഥാനത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പും കോര്‍പറേഷന്‍ അധികൃതരും നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തിരുന്നു. ഇക്കൂട്ടത്തില്‍ സാല്‍വ കഫേയും ഉള്‍പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലിന്റെ ഒരു ഭാഗം അടിച്ചുതകര്‍ത്തു.

No comments:

Post a Comment