തിരുവനന്തപുരം: വിഷഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ആവര്‍ത്തിക്കുമ്പോഴും ഇതിന് ബാധ്യസ്ഥരായ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ഒരേ മന്ത്രിയുടെ കീഴിലുള്ള ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷ കമ്മിഷണറേറുമാണ് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുന്നത്. ഇതിനിടെ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും തമ്മില്‍ വിഷഭക്ഷവേട്ടയെ കുറിച്ചുള്ള ചേരിപ്പോരും രൂക്ഷമായതോടെ വിഷഭക്ഷണം കഴിക്കാന്‍ വിധിക്കപ്പെട്ട ജനം വിഷമവൃത്തത്തിലായി. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ക്ക് വിഷഭക്ഷ്യവസ്തുക്കള്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ സര്‍ക്കുലറിന്റെ സാരംശം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലും ഈ കത്ത് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ പൂഴ്ത്തിവച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ പങ്കാളിത്തവും റെയ്ഡില്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ നീക്കത്തെ തലകുലുക്കി സമ്മതിച്ചു. യോഗത്തിന്റെ അടുത്ത ദിവസം ആരോഗ്യ വകുപ്പ് അധികൃതരെ റെയ്ഡില്‍ നിന്നും ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കത്തെഴുതി. ഈ കത്ത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കുപോലും വ്യക്തമായ ധാരണയില്ല. ഹോട്ടലുകളില്‍ റെയ്ഡ് നടത്തുന്നത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചാകരയാണ്. ലക്ഷങ്ങള്‍ കോഴയായും അതേ തുക വിലവരുന്ന ഗിഫ്റ്റ് വൗച്ചറുകളുമാണ് നക്ഷത്ര ഹോട്ടല്‍ ഉടമകള്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഇതിനെ പുറമേയാണ് മാസപ്പടിയും. ജൂനിയര്‍ ഉദ്യോഗസ്ഥനുപോലും കിമ്പളമായി പ്രതിമാസം 75000 രൂപവരെ ലഭിക്കുമെന്നാണ് രഹസ്യ വിവരം. ഇതിനുപുറമേ ഓണത്തിനും ക്രിസ്മസിനും ബോണസ് ഇനത്തില്‍ വേറെയും. ഇതൊക്കെ ഒറ്റയടിക്ക് മറ്റൊരു പങ്കാളിയെകൂടി ഉള്‍പ്പടെയുത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തയ്യാറല്ല. ഇതിന്റെ ആദ്യപടിയായാണ് ആരോഗ്യ വകുപ്പ് അധികൃതരെ റെയ്ഡില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയാല്‍ മാത്രമേ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളെ ദുര്‍ബലപ്പെടുത്താന്‍ കഴിയൂ. ഇതും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നല്ല ബോധ്യമാണ്. പഴകിയ ഭക്ഷ്യ വസ്തുക്കളില്‍ ബാധിച്ചിട്ടുള്ള ഫംഗസ്, ബാക്ടീരിയ, രാസവസ്തുക്കള്‍ എന്നിവ സംബന്ധിച്ച കണ്ടെത്തലുകള്‍ നടത്താന്‍ ആരോഗ്യ വിദഗ്ധര്‍ക്കേ കഴിയൂ. പരിശോധനയില്‍ ഇവ കണ്ടെത്തിയാല്‍ ഹോട്ടല്‍ ഉടമകള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കേണ്ടിവരും. ഇത് ഒഴിവാക്കിയാല്‍ മാത്രമേ കുറ്റക്കാരായവരെ ഒഴിവാക്കാന്‍ കഴിയൂ. ഇക്കാര്യം ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബോധ്യമാണ്. ഇതിന്റെ പ്രതിഫലനമാണ് ആരോഗ്യ വകുപ്പ് അധികൃതരെ ഒഴിവാക്കിയുള്ള കമ്മിഷണറുടെ സര്‍ക്കുലര്‍.
മഴക്കാലപൂര്‍വ ശുചീകരണ പദ്ധതി അവലോകനത്തിനായി മെയ് ഏഴാം തീയതി ചേര്‍ന്ന യോഗത്തിലാണ് വൃത്തിയില്ലാത്ത ഭക്ഷണം പിടിച്ചെടുക്കാനുള്ള പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കൊപ്പം കോര്‍പറേഷനുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പരിശോധനക്ക് അധികാരം നല്‍കുന്ന പൊതുജനാരോഗ്യനിയമം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി മാറ്റുന്ന നടപടിയും ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് അട്ടിമറിച്ചു. ആരോഗ്യവകുപ്പിനെ ഒഴിവാക്കിയതായുള്ള വിവരം കത്തിന്റെ രൂപത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയത്. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നെറികെട്ട നടപടികള്‍ തുടര്‍ന്നാല്‍ ഹോട്ടലുകള്‍ നിര്‍ദ്ധനരായ ജനവിഭാഗങ്ങളുടെ കൊലയറയായി മാറുന്ന ഭാവി വിദൂരമല്ല.
No comments:
Post a Comment