ഹോട്ടലുകളില്‍ നിന്നു പിടിച്ചെടുക്കുന്ന പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണ സാധനങ്ങളുടെ പരിശോധന നടത്താന്‍ സര്‍ക്കാര്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നു. കോടികള്‍ ചെലവഴിച്ച് അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിച്ച സര്‍ക്കാര്‍ ലാബ് ലഭ്യമാണെങ്കിലും ദേശീയ അംഗീകാരം നേടിയെടുക്കാന്‍ കഴിയാത്തതാണു സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്നത്. പരിശോധനാ ഫലത്തിന് നിയമസാധുത ലഭിക്കണമെങ്കില്‍ ലാബുകള്‍ക്ക് നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫൊര്‍ ലബോറട്ടറീസ് സര്‍ട്ടിഫിക്കെറ്റ് ഉണ്ടായിരിക്കണം. ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍റെ കീഴിലുള്ള ഒരു ലാബിനും എന്‍എബിഎല്‍ സര്‍ട്ടിഫിക്കെറ്റില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ലാബുകളില്‍ വാങ്ങിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ ഇതുവരെയായും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് വിവരം.
ഫുഡ് സേഫ്റ്റി കമ്മിഷണറുടെ കീഴില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള ലാബുകളാണ് എന്‍എബിഎല്‍ അക്രെഡിറ്റേഷനില്ലാതെ പ്രവര്‍ത്തിക്കുന്നത്. അതേസമയം, എന്‍എബിഎല്‍ അംഗീകാരം നേടാനുള്ള യോഗ്യത ഈ ലാബുകള്‍ക്കുണ്ട്. ഇതിന് പോന്ന അത്യാധുനിക ഉപകരണങ്ങളുമുണ്ട്. എന്നാല്‍, ഇതുവരെ ഇവ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ജിസി എന്നറിയപ്പെടുന്ന ഗ്യാസ് ക്രൊമൊട്ടോഗ്രാഫ്, എച്ച്പിഎല്‍സി അഥവാ ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രൊമൊട്ടോഗ്രാഫ് എന്നിവയാണ് പ്രധാന പരിശോധനാ ഉപകരണങ്ങള്‍. ഇവ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാബിലെത്തിച്ചതാണ്. ഈ ഉപകരണങ്ങളിലൂടെ ഭക്ഷ്യ വസ്തുക്കളിലെ മായവും കീടനാശിനിയുടെ അംശവും വേഗത്തില്‍ കണ്ടുപിടിക്കാനാകും. പക്ഷേ, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ രാസപദാര്‍ഥങ്ങളൊന്നും ലഭ്യമല്ലാത്തതാണു പ്രതിസന്ധിക്കു കാരണം. അത്യാധുനിക ഉപകരണങ്ങള്‍ക്കു തകരാറു സംഭവിച്ചാലോ എന്നു കരുതി ഉദ്യോഗസ്ഥര്‍ ഇവ പ്രവര്‍ത്തിപ്പിക്കാനും തയാറാകുന്നില്ല.
Source:http://www.metrovaartha.com
No comments:
Post a Comment