തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും ഇനിയും അവ നേടിയിട്ടില്ല. ആഗസ്ത് അഞ്ചിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. മൂന്നുമാസത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാനിടയില്ലെന്നാണ് കരുതുന്നത്. ലൈസന്‍സ് വിതരണത്തിനും രജിസ്‌ട്രേഷനും മറ്റും മതിയായ സൗകര്യം ഒരുക്കിയിട്ടില്ലെന്നതിനാലാണ് കേന്ദ്ര ഉപദേശക സമിതി യോഗത്തില്‍ സംസ്ഥാനം മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം പുതിയ ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍വന്നെങ്കിലും നടപ്പിലാക്കാന്‍ ഒരുവര്‍ഷത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ആഗസ്ത് വരെ സമയം നല്‍കിയത്. സംസ്ഥാനത്ത് ജൂണ്‍ വരെ 8964 സ്ഥാപനങ്ങള്‍ മാത്രമാണ് ലൈസന്‍സ് നേടിയത്. 21049 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ ഇനത്തില്‍ 2.89 കോടി സര്‍ക്കാരിന് ലഭിച്ചു. തട്ടുകടക്കാരും തെരുവില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്ക്കുന്നവരും എല്ലാം പുതിയ നിയമത്തിന് കീഴില്‍ വരും. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിലവാരവും മാനദണ്ഡവും ആണ് ഭക്ഷ്യ സുരക്ഷാനിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മിക്ക സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയാണ് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നത്. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ നിറം മാറിയാല്‍ ഉടന്‍ മാറ്റണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. എണ്ണ പുനരുപയോഗിക്കാന്‍ പാടില്ല. പാനയോഗ്യമായ വെള്ളം മാത്രമേ സ്ഥാപനത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. അംഗീകൃത ലാബുകളില്‍ ഈ വെള്ളം പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ശുദ്ധജലം ഉപയോഗിച്ച് നിര്‍മിച്ച ഐസ് മാത്രമേ ഉപയോഗിക്കാവൂ. എല്ലാ ജീവനക്കാരും സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെച്ചിരിക്കണം. ആഹാര സാധനം കൈകാര്യം ചെയ്യുന്നവര്‍ക്ക് പകര്‍ച്ച വ്യാധികളില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിന്റെ രേഖകള്‍ അതത് സ്ഥാപനങ്ങളില്‍ സൂക്ഷിക്കണം. തൊഴിലാളികള്‍ക്ക് മുറിവോ വൃണങ്ങളോ ഉണ്ടെങ്കില്‍ അവര്‍ ഭക്ഷണസാധനങ്ങളുമായി ഇടപഴകാന്‍ പാടില്ല. നഖം നീട്ടിവളര്‍ത്തുന്നതും ഇളകുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ഉപയോഗിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നവര്‍ ഒഴിവാക്കണം. തുറസായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യാനോ, സംസ്‌കരിക്കാനോ പാടില്ല. അടുക്കള ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയോ വൃത്തിഹീനമായ സാഹചര്യം ഉണ്ടാവുകയോ ചെയ്യരുത്. മാലിന്യ നിര്‍മാര്‍ജനത്തിനും സംവിധാനം ഉണ്ടായിരിക്കണം. കക്കൂസ്, കുളിമുറിഎന്നിവ അടുക്കള ഭാഗത്ത് നിന്നും നിശ്ചിത അകലം പാലിക്കണം. താനെ അടയുന്ന സ്പ്രിങ് ഡോറുകളോടുകൂടിയതാകണം അവ. അടുക്കള ഭാഗം ഈച്ച കടക്കാത്ത വിധം നെറ്റ് അടിച്ച് ബലപ്പെടുത്തുകയോ ഫ്‌ളൈ ട്രാപ്പ് ഉപയോഗിക്കുകയോ വേണം. ഭക്ഷണം തയാറാക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നവരുടെ രജിസ്റ്റര്‍ ഹോട്ടലുകളില്‍ സൂക്ഷിക്കണം. അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ ഉപകരണങ്ങളും പാത്രങ്ങളും കൃത്യമായ അടപ്പുകളോടെ ഉണക്കി സൂക്ഷിക്കണം. കീടനാശിനികള്‍, അണുനാശിനികള്‍ എന്നിവ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് ഉണ്ടാകരുത്. സാധനങ്ങള്‍ നന്നായി പൊതിഞ്ഞ് സീല്‍ ചെയ്ത് വേണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടത്. ഓരോന്നിനും നിശ്ചിത ഊഷ്മാവും നിശ്ചയിച്ചിട്ടുണ്ട്. മാംസാഹാരവും അല്ലാത്തവയും സൂക്ഷിക്കാന്‍ പ്രത്യേക ഫ്രീസറുകള്‍ ഉണ്ടാവണം. ഹോട്ടലിനുള്ളില്‍ ജീവനക്കാരെ താമസിപ്പിക്കാനോ അവരുടെ വസ്ത്രം സൂക്ഷിക്കാനോ പാടില്ല. തൊഴിലാളികളുടെ വേഷം വൃത്തിയുള്ളതായിരിക്കണം. ഹോട്ടല്‍ ലൈസന്‍സിന്റെ പകര്‍പ്പും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ടോള്‍ഫ്രീ നമ്പരും എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
Source:http://www.mathrubhumi.com
No comments:
Post a Comment