Ads 468x60px

Monday, July 23, 2012

ഗുണനിലവാരമില്ലാത്ത ഭക്ഷണം കണ്ടെത്താന്‍ പൊലീസ് പ്രച്ഛന്നവേഷത്തില്‍ എത്തും

തൃശൂര്‍ * ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താന്‍ പൊലീസ് പ്രച്ഛന്നവേഷത്തില്‍ പരിശോധന നടത്തും. ഭക്ഷ്യവിഷബാധയെ തുടര്‍ന്നു ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തുന്ന പരിശോധനകളെ സഹായിക്കാനാണു പൊലീസിന്റെ ആള്‍മാറാട്ടം. ജനങ്ങളുടെ സഹായത്തോടെ ഹോട്ടലുകളെക്കുറിച്ചുള്ള നാട്ടിലെ അഭിപ്രായം അറിഞ്ഞാണു പൊലീസിന്റെ പരിശോധന. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഏതു സമയത്തും റെയ്ഡ് പ്രതീക്ഷിക്കുന്നതിനാല്‍ ഇപ്പോള്‍ ഹോട്ടലുടമകളും ജാഗ്രതയോടെയാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ റെയ്ഡുകള്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ആശങ്കയുണ്ട്. ഈ പ്രതിസന്ധിക്കു പരിഹാരമാണു പൊലീസിന്റെ വേഷംമാറല്‍. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തെയും ഹോട്ടലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു ജനങ്ങളില്‍നിന്നു വിവരം ശേഖരിക്കും.

തുടര്‍ന്നു മഫ്തിയില്‍ പൊലീസ് ഹോട്ടലുകളില്‍ പരിശോധന നടത്തുകയും വിവരം സ്ഥിരീകരിക്കുകയും ചെയ്യും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ഉള്‍വശങ്ങളുടെ ചിത്രങ്ങള്‍ രഹസ്യമായി എടുക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലെയും മോശം ഹോട്ടലുകളുടെ പട്ടിക കലക്ടര്‍ക്കു കൈമാറും. മോശം ഹോട്ടല്‍ പട്ടിക ലഭിക്കുന്ന മുറയ്ക്ക് ആരോഗ്യ- ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടങ്ങളില്‍ വീണ്ടും റെയ്ഡ് നടത്തുമെന്നാണ് അറിവ്. ഓരോ ജില്ലകളിലെയും ഹോട്ടലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു പ്രാഥമിക പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. രണ്ടാഴ്ച കഴിയുന്നതോടെ വിപുലമായ രണ്ടാം റെയ്ഡ് നടത്താനാണു സര്‍ക്കാരിന്റെ നീക്കം.  

No comments:

Post a Comment