Ads 468x60px

Saturday, July 21, 2012

പഴകിയ ഭക്ഷണം പരിശോധന നടത്തി പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് അട്ടിമറിച്ചു.

പഴകിയ ഭക്ഷണം പരിശോധന നടത്തി പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് അട്ടിമറിച്ചു. മുഖ്യമന്ത്രിയും ആരോഗ്യ, നിയമസെക്രട്ടറിമാരും ഒപ്പുവച്ച തീരുമാനം ഉത്തരവാക്കുന്നതിനു പകരം കോര്‍പറേഷല്‍ ആരോഗ്യ വിഭാഗത്തിലെ  ജീവനക്കാരെ ഒഴിവാക്കിയും സാങ്കേതികപിഴവു വരുത്തിയുമാണ് താഴേത്തട്ടിലേക്ക് അയച്ചുകൊടുത്തത്.  ഇതിനുപുറമെ ആരോഗ്യ, തദ്ദേശഭരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടല്‍ പരിശോധനയ്ക്ക് അധികാരമില്ലെന്ന   ഫുഡ് സേഫ്റ്റി കമ്മിഷണറുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങിയതോടെ പരിശോധനാ നടപടികള്‍ ആശയക്കുഴപ്പത്തിലാകുകയാണ്. മഴക്കാലപൂര്‍വ ശുചീകരണ പദ്ധതി അവലോകനത്തിനായി മെയ് ഏഴാം തീയതി ചേര്‍ന്ന യോഗത്തിലാണ് വൃഹ്നത്തിയില്ലാത്ത ഭക്ഷണം പിടിച്ചെടുക്കാനുള്ള പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായത്.  ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കൊപ്പം കോര്‍പറേഷനുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പരിശോധനയ്ക്ക് അധികാരം നല്‍കുന്ന പൊതുജനാരോഗ്യനിയമം നടപ്പാക്കാനായിരുന്നു യോഗതീരുമാനം.  എന്നാല്‍ ഈ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി മാറ്റുന്നതിനു പകരം ആരോഗ്യവകുപ്പ്  കത്തിന്റെ രൂപത്തിലാണ്  ഡപ്യൂട്ടി ഡിഎംഓമാര്‍ക്ക് അയച്ചുകൊടുത്തത്.   കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയതിനു പുറമെ,  പൊതുജനാരോഗ്യനിയമം പാസാക്കിയ വര്‍ഷം പോലും പരസ്പരം മാറിപ്പോയി.  ഇതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്ത ഫുഡ് സേഫ്ടി കമ്മീഷണറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.   2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തദ്ദേശസ്വയംഭരണ, ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലില്‍ കയറി ആഹാരസാധനങ്ങള്‍  പരിശോധിക്കാനോ പിടിച്ചെടുക്കാനോ  അധികാരമില്ലെന്നു  സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ആരോഗ്യ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുള്ള അധികാരത്തിന്  ഭക്ഷ്യസുരക്ഷാനിയമം വന്നതോടെ നിയമസാധുതയില്ലെന്നാണ് അവരുടെ വിശദീകരണം.  ഇതോടെ പല ജില്ലകളിലും നടന്ന പരിശോധനയും നിലച്ചു. ഈ പിഴവുകളുടെ  അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയരായ ഹോട്ടലുടമകള്‍ കോടതിയെ സമീപിച്ചാല്‍ നടപടികള്‍ നിലനില്‍ക്കില്ലെന്നു മാത്രമല്ല പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളും പരിശോധന കര്‍ശനമാക്കുന്നതിനുള്ള നടപടികളും ദുര്‍ബലപ്പെടുത്തിയ നീക്കങ്ങള്‍ ആരെ സംരക്ഷിക്കുന്നതിനുവേണ്ടിയെന്നാണ് ഇനി വ്യക്തമാകേണ്ടത്. 

No comments:

Post a Comment