Ads 468x60px

Thursday, July 19, 2012

ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരില്ല

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റു യുവാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടക്കുന്ന റെയ്ഡ് പ്രഹസനമാകുന്നു. ഫുഡ് സേഫ്റ്റി കമ്മീഷനില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതാണു കാരണം.

പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്റെ നിയന്ത്രണത്തിലുളള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് അധികാരം. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 25000-ല്‍പ്പരം ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ ആകെയുളളത് 90 ഉദ്യോഗസ്ഥരാണ്. തലസ്ഥാനത്തു കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ആകെയുള്ളതു രണ്ട് പേര്‍.

2011 ഓഗസ്റില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് മായം കലര്‍ത്തിയ ഭക്ഷണം കൊടുക്കുന്നതിനും ഇതിലൂടെ ആരോഗ്യത്തിന് ഹാനിവരുത്തുകയോ മരണം സംഭവിക്കുകയൊ ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണമെന്നാണു നിയമത്തിലെ വ്യവസ്ഥ. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മായം കലര്‍ത്തിയാല്‍ സിവില്‍ കേസ് രജിസ്റര്‍ ചെയ്യാനും ഒരാളുടെ മരണത്തിനു ഹോട്ടല്‍ ഭക്ഷണം കാരണമായാല്‍ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്യാനും വ്യവസ്ഥയുണ്ട്.

മായംകലര്‍ത്തി വില്‍ക്കുന്ന ഭക്ഷണം കഴിച്ച ഒരാള്‍ മരിച്ചാല്‍ കടയുടമയ്ക്കു ജീവപര്യ ന്തം തടവു ശിക്ഷ വരെ ലഭിക്കും. പഴകിയ ഭക്ഷണങ്ങളും മായം കലര്‍ത്തിയ ഭക്ഷണങ്ങളും വില്‍പ്പന നടത്തുന്ന ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ ഫുഡ് സേഫ്റ്റി കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പരായ 1800-425-1125 ല്‍ അറിയിക്കണം. എന്നാല്‍ പരാതി നല്‍കാന്‍ ജനങ്ങള്‍ തയാറാകാത്തതാണു നിരന്തരം ഭക്ഷ്യ വിഷബാധ ഉണ്ടാകാന്‍ കാരണമെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ സ്ക്വാഡില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ കുറവാണെന്നുളള വിവരം സര്‍ക്കാരിനെ അറിയിച്ചു മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഹോട്ടലുകള്‍ക്കു ലൈസന്‍സ് കൊടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യവിഷബാധ ചെറുക്കുന്നതിനു നടപടിയെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷനെ സഹായിക്കാന്‍ കഴിയും. എന്നാല്‍ തലസ്ഥാനത്ത് അടച്ചുപൂട്ടിയ വഴുതക്കാട്ടെ സാല്‍വ കഫെ എന്ന സ്ഥാപനം വര്‍ഷങ്ങളായി ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിച്ചിരുന്നത്. ഇതു കോര്‍പറേഷന്റെ പിടിപ്പുകേടായാണ് ഫുഡ് സേഫ്ടി കമ്മീഷന്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

No comments:

Post a Comment