Ads 468x60px

Tuesday, July 24, 2012

ഹോട്ടല്‍ റെയ്ഡ്: സര്‍ക്കാര്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

കൊച്ചി: ഭക്ഷണശാലകളില്‍ റെയ്ഡ് നടത്തുന്നതിനെച്ചൊല്ലി രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലാണു തര്‍ക്കം. പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ അധികാരമില്ലെന്നാണു ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പറയുന്നത്. അതേസമയം, കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു റെയ്ഡിന് അധികാരമുണ്െടന്ന് അവരും വാദിക്കുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മുതലെടുത്തു കോടതിയില്‍ പോയി തങ്ങള്‍ക്കനുകൂലമായ വിധി നേടാനാണു ഹോട്ടലുടമകളുടെ ശ്രമം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റെയ്ഡ് നടത്തുന്നതിനെതിരേ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ഷിജു അറിയിച്ചു.

2011ലെ പുതുക്കിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിനു മാത്രമാണു ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ അവകാശമെന്നാണു ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പറയുന്നത്. ഇതനുസരിച്ചു ഹോട്ടലുകളും റസ്റോറന്റുകളും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലാണു ലൈസന്‍സിനായി രജിസ്റര്‍ ചെയ്യേണ്ടതെന്നും അവര്‍ വിശദീകരിക്കുന്നു. എറണാകുളം ജില്ലയില്‍ ഇപ്രകാരം ഒമ്പതിനായിരത്തോളം ഹോട്ടലുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായിരുന്നു ഇവയുടെ രജിസ്ട്രേഷന്‍ നടന്നിരുന്നതെന്നു ഫുഡ് സേഫ്റ്റി ഡെസിഗ്നേറ്റഡ് ഓഫീസര്‍ എ. അജിത്കുമാര്‍ ചൂണ്ടിക്കാട്ടി. നിയമത്തെകുറിച്ചു വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടു നഗരപ്രദേശങ്ങള്‍ക്കു പുറത്തു ലൈസന്‍സ് എടുത്തിട്ടുള്ളവര്‍ ചുരുക്കമാണ്. ഇവര്‍ ഇപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണു ലൈസന്‍സിന് അപേക്ഷ നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള അവകാശം നിയമപ്രകാരം ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍, കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം ഭക്ഷണശാലകള്‍ റെയ്ഡ് ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്െടന്നു കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ് ചൂണ്ടിക്കാട്ടി. ഈ നിയമപ്രകാരം കോര്‍പറേഷന്‍ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ അധികാരമുണ്ട്. ഭക്ഷണവസ്തുക്കളുടെ ഗുണമേന്മ മാത്രമല്ല അതു പാചകം ചെയ്യുന്ന ചുറ്റുപാടും പരിശോധനയ്ക്കു വിധേയമാക്കണം. ഈ അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണു പല ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നതെന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ വ്യക്തമായതാണ്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി റെയ്ഡ് നിര്‍ത്തിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം വിശ്വാസികളുടെ റംസാന്‍ നോമ്പുകാലമായതിനാല്‍ പല ഹോട്ടലുകളും രാത്രിയിലാണു തുറന്നുപ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലുകളില്‍ പരിശോധന നടത്തുമെന്നും ഓണം വരെ പരിശോധന തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ അധികാരമില്ലെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റോറന്റ് അസോസിയേഷന്‍ പറയുന്നു. ഇവരുടെ നിയമവിരുദ്ധമായ റെയ്ഡിനെതിരേയാണു കോടതിയില്‍ കേസ് കൊടുക്കുന്നത്. നിലവില്‍ കാസര്‍ഗോട്ടെ ഒരു ഹോട്ടലുടമ തദ്ദേശസ്വയംഭരണ സ്ഥാപനം റെയ്ഡ് നടത്തിയതിനെതിരേ നല്കിയ കേസും കോടതിയുടെ പരിഗണനയിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമലംഘനമാണു നടത്തുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ഷിജു ആരോപിച്ചു . ഹോട്ടലുകളിലെ സാനിറ്റേഷന്‍ പ്രശ്നങ്ങള്‍ മാത്രം പരിശോധിക്കാനാണ് അവര്‍ക്ക് അധികാരമുള്ളത്. ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിനു മാത്രമേ ഭക്ഷണശാലകളിലെ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂ. അസോസിയേഷന്‍ ഇത് അംഗീകരിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന നോട്ടീസ് അംഗീകരിക്കാന്‍ തയാറല്ല. സംഘര്‍ഷം ഉണ്ടാകേണ്െടന്നു കരുതിയാണു പരിശോധനയ്ക്കെത്തുമ്പോള്‍ തടയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ അസോസിയേഷനിലുള്ളവര്‍ക്കു ശുചിത്വം പാലിക്കുന്നതു സംബന്ധിച്ചും ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തുന്നതു സംബന്ധിച്ചും ഉടനെ നിയമാവലി തയാറാക്കി നല്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment