Ads 468x60px

Tuesday, July 31, 2012

ഭക്ഷ്യവിഷബാധ: റെയ്ഡ് പ്രഹസനം

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച റെയ്ഡ് പ്രഹസനമാകുന്നു. ഭക്ഷ്യ വിഷബാധയുണ്ടായി മരണം സംഭവിച്ച ആദ്യദിനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ കമീഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ റെയ്ഡ് നടന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവസാനിപ്പിച്ച മട്ടാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം സ്ക്വാഡ് രൂപീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയത്. നാല് സംഘങ്ങളായായിരുന്നു സ്ക്വാഡ് പരിശോധന. ജില്ലയില്‍ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയ സംഘം വന്‍കിട ഹോട്ടലുകളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കി. പലപ്പോഴും വൈകിട്ട് വരെ മാത്രം നടക്കുന്നതിനാല്‍ തട്ടുകടകളില്‍ റെയ്ഡ് നടത്തിയിട്ടില്ല. വൈകുന്നേരങ്ങളില്‍ നിരവധി പേര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് തട്ടുകടകളെയാണ്. ശുചിത്വ കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഇവ പ്രവര്‍ത്തിക്കുന്നതെന്ന്് അറിയാന്‍ ജനങ്ങള്‍ക്ക് മാര്‍ഗങ്ങളൊന്നും ഇല്ല. അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച ഹോട്ടലുകള്‍ അധികാരികളുടെ നിര്‍ദേശത്തെ മാനിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. താമരശേരിയിലെ ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 28 നകം റെയ്ഡിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണറുടെ നിര്‍ദേശമെന്നതിനാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓട്ടപ്രദക്ഷിണം നടത്തി മറ്റു ജില്ലകളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുകയായിരുന്നു. നഗരത്തില്‍ ആദ്യ ദിവസം മാത്രമാണ് കാര്യമായ പരിശോധന നടന്നത്. അടപ്പിച്ച ഹോട്ടലുകള്‍ ഗുണനിലവാരവും ശുചിത്വവും പാലിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രേഖകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ നല്‍കണം. അതു പരിശോധിച്ച് ഹോട്ടല്‍ സന്ദര്‍ശിച്ച് നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ എന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. ഇത്തരത്തിലുള്ള പരിശോധനകള്‍ അടുത്ത ദിവസം മുതല്‍ ആരംഭിക്കും.
Source:http://www.deshabhimani.com

No comments:

Post a Comment