Ads 468x60px

Wednesday, July 25, 2012

പരിശോധന നടത്താന്‍ അധികാരമില്ലാതെ ഏഴ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍

കോഴിക്കോട്: സംസ്ഥാനത്ത് വേണ്ടത്ര ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ സമ്മതിക്കുമ്പോഴും പരിശോധന നടത്താന്‍പോലും അധികാരമില്ലാതെ നഗരസഭകളില്‍ ഏഴ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലി ചെയ്യുന്നു. മായം ചേര്‍ക്കല്‍ നിരോധന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ തദ്ദേശവകുപ്പ് നിയമിച്ചതാണ് ഈ ഏഴു പേരെയും. ഭക്ഷ്യസുരക്ഷാനിയമം വരുമ്പോള്‍ നിലവില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായിരുന്നവര്‍ക്ക് കെമിസ്ട്രി ബിരുദമുണ്ടെങ്കില്‍ അവരെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായി നിയമിക്കാന്‍ ഉത്തരവുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഇതു പ്രകാരം ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബില്‍ പ്രത്യേക പരിശീലനവും നല്‍കും. പാലക്കാട്, ഷൊര്‍ണൂര്‍, പത്തനംതിട്ട, കുന്നംകുളം, കായംകുളം, തിരുവല്ല മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോര്‍പ്പറേഷനിലുമാണ് പരിശോധനയ്ക്ക് അധികാരമില്ലാതെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിചെയ്യുന്നത്. ഇവരുടെ ചുമതലയിലുള്ള 15 നഗരസഭകളില്‍ പരിശോധന നടത്താന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. ഈ ഏഴു പേര്‍ക്ക് പരിശീലനത്തിന് തദ്ദേശവകുപ്പ് അപേക്ഷ നല്‍കിയിട്ടും ഒരുവര്‍ഷം കഴിഞ്ഞിട്ടാണ് അതിന് ആരോഗ്യവകുപ്പ് തയ്യാറായത്. 48-ാം ബാച്ചായി പരിശീലനം നേടിയ ഇവരുടെ സര്‍ട്ടിഫിക്കറ്റില്‍ ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റാണ് ഒപ്പുവെച്ചത്. എന്നാല്‍ ഈ ഏഴുപേരുടെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ചീഫ് അനലിസ്റ്റ് ഒപ്പുവെച്ചത് നിയമപ്രകാരമല്ല എന്ന തെറ്റായ നിയമോപദേശത്തോടെ 2012 ഫിബ്രവരി 29-ന് അന്നത്തെ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെത്തുടര്‍ന്ന് ഇവരെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായി ഗസറ്റില്‍ വിജ്ഞാപനം ചെയ്തില്ല. അതിനാല്‍ പരിശോധന നടത്താന്‍ ഇവര്‍ക്ക് ഇതുവരെ അധികാരം നല്‍കിയിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ക്ലറിക്കല്‍ ജോലിയാണ് ഇവരെ ഏല്പിക്കുന്നത്.

No comments:

Post a Comment