Ads 468x60px

Wednesday, July 18, 2012

ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും: മന്ത്രി വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം:  ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്) സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു.
 ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍ മുതലായ സ്ഥാപനങ്ങള്‍ പാലിക്കേണ്ട ഈ നിയമം 2011 ആഗസ്റ്റ് അഞ്ച് മുതല്‍ക്കാണ് ഇന്ത്യയിലൊട്ടാകെ പ്രാബല്യത്തിലായത്.  സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കി, നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുവാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്.  ആ ഉത്തരവാദിത്തം നിറവേറ്റാത്ത ബന്ധപ്പെട്ട ഒരു സ്ഥാപനത്തെയും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
 
ശക്തമായ ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2011 ആഗസ്റ്റ് അഞ്ച് മുതല്‍ സംസ്ഥാനത്ത് മൂവായിരത്തിലധികം ബോധവല്‍ക്കരണ ക്ലാസ്സുകളാണ് സംഘടിപ്പിച്ചത്.  റെയിഡുകള്‍ ശക്താമാക്കുകയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു.  ആ നോട്ടീസുകളില്‍ നിഷ്‌ക്കര്‍ഷിക്കുന്ന പ്രകാരം നില മെച്ചപ്പെടുത്താത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും.  മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാലേ, തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയുള്ളൂ.  പുതിയ നിയമം ആയതുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം, നിയമം നടപ്പാക്കുന്നതിനൊപ്പം ബോധവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തിയത്.  പല സ്ഥാപനങ്ങള്‍ക്കുനേരെയും പരിശോധനകളില്‍ നടപടിയെടുക്കാതെ ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയത്.
 
തിരുവനന്തപുരത്തെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.  ഭക്ഷ്യവിഷബാധ സംബന്ധിച്ച്, തെളിവുകള്‍ ശേഖരിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ ഉന്നത ഉദ്യോഗസ്ഥര്‍ ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ഫുഡ് സേഫ്ടി ഉദ്യോഗസ്ഥര്‍, സംസ്ഥാനത്ത് റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.  ചൊവ്വാഴ്ച 211 ഹോട്ടലുകള്‍ പരിശോധിച്ചു.  ഇതില്‍ ഏഴ് ഹോട്ടലുകള്‍ അടച്ചുപൂട്ടി.  111 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി.  തിരുവനന്തപുരത്തെ ആറ് ഹോട്ടലുകളും കൊല്ലത്തെ ഒരു ഹോട്ടലുമാണ് അടച്ചുപൂട്ടിയത്.  ബുധനാഴ്ച വൈകുന്നേരം വരെ 60 ഹോട്ടലുകളില്‍ പരിശോധന നടത്തി.  എറണാകുളത്ത് രണ്ട്, പത്തനംതിട്ടയില്‍ ഒന്ന് തൃശ്ശൂര്‍ ഒന്ന് എന്നിങ്ങനെ അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടി.  39 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.  റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
 
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷണശാലകളില്‍നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധമൂലം ശാരീരിക വിഷമതകളുണ്ടായാല്‍ നഷ്ടപരിഹാരത്തിനര്‍ഹതയുണ്ട്.  മാരകമല്ലാത്ത ശാരീരികക്ഷതങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും, മാരകമായവയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയുമാണ് നഷ്ടപരിഹാരം ലഭിക്കുക.  മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും സ്ഥാപനമുടമ നഷ്ടപരിഹാരം നല്‍കണം.  കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ ഹോട്ടല്‍ ബില്‍ പ്രധാന തെളിവായതിനാല്‍ അത് ചോദിച്ചുവാങ്ങാന്‍ ഉപഭോക്താക്കള്‍ മറക്കരുതെന്ന് മന്ത്രി ഉദ്‌ബോധിപ്പിച്ചു.  ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ വിവിധ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ 1800 425 1125 എന്ന ടോള്‍ ഫീ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.  വാര്‍ത്തസമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ പങ്കെടുത്തു.

No comments:

Post a Comment