Ads 468x60px

Thursday, July 19, 2012

റെയ്ഡിനിടെ ഭീഷണി

തിരുവനന്തപുരം: മരണം വന്നിട്ടും കരിഞ്ചന്തക്കാര്‍ക്കും മായംകലര്‍ത്തുന്നവര്‍ക്കും വേണ്ടി സമ്മര്‍ദ രാഷ്ട്രീയം. മായം കലര്‍ന്ന ഭക്ഷണം പിടിച്ചെടുക്കാന്‍ ചെന്ന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ് ഉദ്യോഗസ്ഥന് ചൊവ്വാഴ്ച കേള്‍ക്കേണ്ടിവന്നത് ഭീഷണിയും തെറിവിളിയും മാത്രം. തലസ്ഥാനത്തെ ഒരു എം.എല്‍.എ.യുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പേര് പറഞ്ഞുകൊണ്ടായിരുന്നു ചിലര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. മായം ചേര്‍ക്കല്‍ തടയുന്നതിന് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്കാണ് വധഭീഷണിയും അസഭ്യവര്‍ഷവും കേള്‍ക്കേണ്ടിവന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ഹോട്ടലുകളില്‍ ചിലത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിച്ചവയാണ്.
മറ്റു ചില ഹോട്ടലുകളാകട്ടെ ഉന്നതനേതാക്കളുമായി അവിശുദ്ധബന്ധം പുലര്‍ത്തുന്നതും. പരിശോധനയ്‌ക്കെത്തുമ്പോള്‍ ചില ഹോട്ടലുടമകള്‍ നേതാക്കളുമായി ബന്ധപ്പെട്ടശേഷമാണ് ഭീഷണിയുമായി എത്തിയത്. ഹോട്ടലില്‍ വൃത്തിയുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു എം.എല്‍.എ. യുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു ഹോട്ടലുടമയുടെ ഭീഷണി. പുതിയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നഗരത്തിലെ അറുപതു ശതമാനം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നതാണ് റെയ്ഡിനിടെ വെളിപ്പെട്ട ഞെട്ടിക്കുന്ന സത്യം. 2011 ആഗസ്ത്5 വരെ നഗരസഭ നല്‍കിയ പി.എഫ്.എ. (പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്ടറേഷന്‍) ലൈസന്‍സുമായാണ് പലരുടെയും പ്രവര്‍ത്തനം. പുതിയ നിയമമനുസരിച്ച് ഈ ലൈസന്‍സ് ഇപ്പോള്‍ പ്രാബല്യത്തിലില്ല. പകരം ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ചുള്ള പുതിയ ലൈസന്‍സ് എടുക്കണമെന്ന നിര്‍ദേശം പലരും പാലിച്ചിട്ടില്ല. 2012 മാര്‍ച്ചിനകം ഈ ലൈസന്‍സ് എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ചുരുക്കം ചില സ്ഥാപനങ്ങളൊഴികെ ഭൂരിഭാഗവും പുതിയ നിയമമനുസരിച്ചുള്ള ലൈസന്‍സ് എടുത്തിട്ടില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. വ്യാപാരി സമൂഹത്തിലെ ചില നേതാക്കളുടെ ദുഷ്പ്രചാരണമാണ് ഈ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമാക്കാനും മായം ചേര്‍ക്കുന്നവരെ തെളിവ് നഷ്ടപ്പെടാതെ ശിക്ഷിക്കാനുമായാണ് പുതിയ ഫുഡ് സേഫ്റ്റി നിയമം. നേരത്തെ പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണം പിടിച്ചെടുക്കാനുള്ള അധികാരം ഈ ലൈസന്‍സ് നല്‍കിയിരുന്ന നഗരസഭയ്ക്കായിരുന്നു. എന്നാല്‍ ലാബ് സൗകര്യമുള്‍പ്പെടെയുള്ള പരിശോധനാ സംവിധാനമില്ലാത്തതിനാല്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴില്‍ ലാബ് സംവിധാനങ്ങളോടെയാണ് പുതിയ നിയമം. ലൈസന്‍സ് നല്‍കാനുള്ള ചുമതലയും ഇവര്‍ക്കായി നല്‍കി. ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കീഴിലാണ്ഈ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വില്‍പനയ്ക്കായി അച്ചാര്‍, പലഹാരം എന്നിവയുണ്ടാക്കുന്നവരും (എഫ്.പി.ഒ.) ഈ ലൈസന്‍സിന്റെ പരിധിയില്‍ വരും. അഞ്ചുവര്‍ഷത്തേയ്ക്കാണ് നേരത്തേ ഇവര്‍ക്കായി ലൈസന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ ഈ ആഗസ്ത് 5 ന് മുമ്പ് പുതിയ ലൈസന്‍സിന്റെ പരിധിയിലേക്ക് വരണമെന്നാണ് നിര്‍ദേശം. എന്നാല്‍ 2012 മുതല്‍ ഈ ലൈസന്‍സിലേക്ക് മാറണമെന്ന് ഹോട്ടലുകള്‍ക്കും, ഭക്ഷ്യനിര്‍മാതാക്കള്‍ക്കുമെല്ലാം നിര്‍ദേശം നല്‍കിയതാണ്. പക്ഷേ പരസ്യമായി ലംഘിക്കാനാണ് പലരും മുതിര്‍ന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന ഈ നിയമത്തിനെതിരെ ചില വ്യാപാരികള്‍ തന്നെയാണ് രംഗത്തുള്ളത്. പുതിയ നിയമം നിലവില്‍ വന്നെങ്കിലും സംവിധാനം ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെ. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് കീഴില്‍ ഈ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ 'ഫുഡ് ഇന്‍സ്‌പെക്ടര്‍' എന്ന പേരില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായാണ്. കഷ്ടിച്ച് നൂറോളം പേരാണ് ഇപ്പോഴുള്ളത്. ഇത് 200-300 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുണ്ടെങ്കില്‍ മാത്രമേ പരിശോധനാ സംവിധാനം ശക്തിപ്പെടുത്താനാകൂ.ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യോഗ്യതയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. കുറ്റമറ്റ സംവിധാനമൊരുക്കാന്‍ പക്ഷേ സര്‍ക്കാര്‍ കനിയേണ്ടതുണ്ട്. രാഷ്ട്രീയ ഇടപെടല്‍ നടത്തി ഈ സംവിധാനം അട്ടിമറിക്കരുത്. കാരണം ഇത് ജനത്തിന്റെ ജീവന്‍ വെച്ചുള്ള കളിയാണ്.

No comments:

Post a Comment