തിരുവനന്തപുരം: ദിനംപ്രതി നൂറുകണക്കിനു പേര്‍ക്കു പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിക്കുന്ന അവസ്ഥയിലും തലസ്ഥാനത്തെ ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. നഗരത്തിലെ ഹോട്ടലുകളില്‍ സുരക്ഷാ പരിശോധനകള്‍ നടന്നിട്ടു നാളുകളായി. പരിശോധനകള്‍ കൃത്യമായി നടന്നിരുന്നപ്പോള്‍ പോലും വൃത്തിയുടെ കാര്യത്തില്‍ കച്ചവടക്കാര്‍ പിന്നിലായിരുന്നു. ഇപ്പോഴത്തെ അവസ്ഥ പറയാനുമില്ല. എലിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം മുന്‍കരുതല്‍ നല്‍കിയിരുന്നു. നഗരത്തില്‍ മാലിന്യ നീക്കം നടക്കാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാക ചെയ്യുന്നതും ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നതും എലിപ്പനി പടരാന്‍ കാരണമാകും. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ തന്നെയാണു നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളിലെ പരിശോധന കാര്യക്ഷമമല്ല എന്നു നഗരസഭയും സമ്മതിക്കുന്നുണ്ട്. പുതുതായി നിലവില്‍ വന്ന ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് പ്രകാരം സ്വതന്ത്രമായി പരിശോധന നടത്താന്‍ നഗരസഭയ്ക്കു കഴിയില്ല. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ക്കാണു പരിശോധനയുടെ പൂര്‍ണ ചുമതല. പബ്ലിക് ഹെല്‍ത്ത് ആക്റ്റ്, മുനിസിപ്പല്‍ ആക്റ്റ് എന്നിവ പ്രകാരമായിരുന്നു നഗരസഭ നേരത്തേ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നു പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരം നടപടിയെടുക്കാനുള്ള അവകാശം പുതിയ നിയമം മൂലം എടുത്തു കളഞ്ഞു. എന്നാല്‍ മുനിസിപ്പല്‍ ആക്റ്റ് പ്രകാരം പരിശോധനകള്‍ നടന്നു വരുന്നുണ്ടെന്നു നഗരസഭാ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ശ്രീകുമാര്‍........ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ഒന്നിച്ച് ഒരു നിയമത്തിന്‍ കീഴില്‍ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണു പുതിയ നിയമം. എന്നാല്‍ ഈ നിയമം നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ പരിശോധന നിശ്ചിത ഇടവേളകളില്‍ മാത്രമാണു നടത്തുന്നത്. മിന്നല്‍ പരിശോധനകളും ഉണ്ടായിരിക്കില്ല. അതിനാല്‍ ഹോട്ടലുകള്‍ക്കു നിയമ ലംഘനം നടത്താന്‍ ഇതു തടസമാകില്ല. എന്നാല്‍ നഗരസഭ ആഴ്ചതോറുമുള്ള പരിശോധനയ്ക്കു പുറമെ മിന്നല്‍ പിരശോധനകളും നടത്തിയിരുന്നു. രണ്ടു സ്ക്വാഡുകളായി തിരിഞ്ഞാണു പരിശോധന നടത്തിയിരുന്നത്. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ നേതൃത്വത്തില്‍ സോണുകളായി തിരിച്ചായിരുന്നു പരിശോധന. ഈ സ്ക്വാഡുകള്‍ വളരെ ഊര്‍ജിതമായിരുന്നതിനാല്‍ നിരവധി ഹോട്ടലുകള്‍ക്കു പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഹോട്ടലുകാര്‍ക്കും നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ക്വാഡ് പരിശോധന ദുര്‍ബലമായപ്പോള്‍ ഹോട്ടലുകാര്‍ വീണ്ടും മുഷ്ക് കാട്ടിത്തുടങ്ങി. ഇപ്പോള്‍ തോന്നുന്ന വിലയും ഈടാക്കുന്നുണ്ട്. സാധനങ്ങളുടെ വിലവര്‍ധനയുടെ പേരു പറഞ്ഞാണു പെട്ടെന്നുള്ള വിലക്കയറ്റം. വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളുടെ വിലയും അവ ഏത് എണ്ണയിലാണ് പാകംചെയ്യുന്നതെന്നുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണു നിര്‍ദേശം. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തിയാണു മിക്ക ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. പാകംചെയ്ത ഭക്ഷണങ്ങള്‍ തുറന്നു വയ്ക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം മിക്കയിടത്തും പാലിക്കുന്നില്ല. മിക്ക ഹോട്ടലുകളിലേയും പരിസരത്തു മാലിന്യങ്ങളും അഴുക്കുവെള്ളവും കെട്ടിക്കിടക്കുകയാണ്. മാലിന്യ നീക്കം നിലച്ചതിനാല്‍ ഹോട്ടലുകളുടെ പിന്‍ഭാഗങ്ങളില്‍ എത്തിനോക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. കെട്ടിക്കിടക്കുന്ന ഈ മാലിന്യത്തില്‍ എലികളും കൊതുകും വളര്‍ന്നിട്ടുണ്ട്. മലിനമായ സാഹചര്യത്തില്‍ നിന്നുള്ള വെള്ളവും രോഗം പടരാന്‍ ഇടയാക്കും. തിളപ്പിക്കാത്ത വെള്ളമാണു ഹോട്ടലുകളില്‍ വിളമ്പുന്നത്. തട്ടുകടകളാണു വൃത്തിഹീനമായ സാഹചര്യത്തിനു മുന്‍പന്തിയില്‍. രാത്രികാലങ്ങളില്‍ പരിശോധന നടക്കില്ല എന്ന് ഉറപ്പുള്ളതിനാല്‍ തട്ടുകടക്കാര്‍ തോന്നിയ പോലെ ഭക്ഷണം വിളമ്പുകയാണ്. തിളപ്പിക്കാതെ നല്‍കുന്ന കുടിവെള്ളവും വൃത്തിയായി കഴുകാത്ത പാത്രങ്ങളുമാണു ഭക്ഷണത്തിനെത്തുന്നവര്‍ക്കു മുന്നിലെത്തുന്നത്. ഉപയോഗിച്ച എണ്ണതന്നെ പല തവണ ഉപയോഗിച്ചും പഴക്കം ചെന്ന ഭക്ഷണം വീണ്ടും ചൂടാക്കി നല്‍കുന്ന ഭക്ഷണശാലകളുമുണ്ട്. എലിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുതിയ സ്ക്വാഡിനെ പരിശോധനയ്ക്കു നിയോഗിക്കുമെന്ന് എഡിഎം പറഞ്ഞിരുന്നു. എന്നാല്‍ ആ സ്ക്വാഡിന്‍റെ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല.
source:http://www.metrovaartha.com
No comments:
Post a Comment