Ads 468x60px

Saturday, July 14, 2012

ഷവര്‍മ കഴിച്ച് പത്ത് പേര്‍ ആസ്​പത്രിയില്‍

തിരുവനന്തപുരം: കഴിച്ചത് നാല് ഷവര്‍മ. ഒടുവില്‍ നടന്‍ തിലകന്റെ മകന്‍ ഷോബി തിലകനും കുടുംബവും എത്തിയത് ആസ്​പത്രിക്കിടക്കയില്‍. പരാതിയെ തുടര്‍ന്ന് ഷവര്‍മ വില്‍പ്പന നടത്തിയ കട നഗരസഭ ഹെല്‍ത്ത് വിഭാഗം പൂട്ടിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് ഷോബി തിലകനും കുടുംബവും വഴുതക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിയത്. തുടര്‍ന്നിത് ഷോബിയും ഭാര്യയും രണ്ടു മക്കളും ചേര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി കഴിക്കുകയും ചെയ്തു. പിന്നീടാണ് ഷവര്‍മ ചതിച്ചതറിയുന്നത്. നിര്‍ത്താത്ത ഛര്‍ദിയും വയറിളക്കവും . വ്യാഴാഴ്ച രാവിലെ കുടുംബം നഗരത്തിലെ സ്വകാര്യാസ്​പത്രിയില്‍ അഭയം തേടി. ഷോബി തിലകന്‍, ഭാര്യ ശ്രീലേഖ, മക്കളായ ദേവയാനി, ദേവനന്ദന്‍ എന്നിവരും ഇപ്പോഴും ആസ്​പത്രിയില്‍ തന്നെയാണ്. പഴകിയ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ഷോബി തലകന്‍ പറയുന്നു. വഴുതക്കാട്ടെ ഹോട്ടല്‍ സാല്‍വയില്‍ നിന്നാണ് ഷവര്‍മ വാങ്ങിയതെന്നും ഇവിടെ നിന്നും ചൊവ്വാഴ്ച ഷവര്‍മകഴിച്ച ഒരാള്‍ ഇതേ സ്വകാര്യാസ്​പത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും ഷോബി തിലകന്‍ പറഞ്ഞു. പത്തോളം പേര്‍ വിവിധ ആസ്​പത്രികളില്‍ ചികിത്സയിലാണ്. ഷോബി അറിയിച്ചതനുസരിച്ച് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കട പൂട്ടിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ ഇനി കട തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ഷോബി തിലകന്‍ നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡി.ശ്രീകുമാര്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്- 2011 ആഗസ്ത് 5 മുതല്‍ രാജ്യത്ത് നിലവില്‍ വന്നിരുന്നു. കേരളത്തില്‍ ഈ നിയമം ഈ ആഗസ്തിലെ പ്രാബല്യത്തില്‍ വരൂ. മൂന്നുമാസം കൂടി സാവകാശം ചോദിക്കുമെന്നാണ് ആരോഗ്യമന്ത്രി വെള്ളിയാഴ്ച നിയമസഭയില്‍ പറഞ്ഞത്. ഇതുപ്രകാരം ഒരാള്‍ സുരക്ഷിതമല്ലാതെ ഭക്ഷണം വില്‍പ്പന നടത്തുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയും ചെയ്താല്‍ അത് ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പരിക്കിന്റെ കാഠിന്യമനുസരിച്ച് അത് ജീവപര്യന്തം വരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും കാരണമാകും. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം വില്‍ക്കുന്നതും നിര്‍ബാധം തുടരുകയാണ്.

No comments:

Post a Comment