Ads 468x60px

Saturday, July 21, 2012

പരിശോധിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു സമാനമായ കേസെടുക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.

തിരുവനന്തപുരത്തെ സാല്‍വ ഡൈന്‍ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി മരിച്ചതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന മേധാവികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തീവ്രപരിശോധന തുടങ്ങി. തട്ടുകടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ പരിശോധന. നോട്ടിസ് നല്‍കല്‍, പൂട്ടിക്കല്‍, കോലാഹലങ്ങള്‍ തുടരുന്നു. അച്ചടി - ദൃശ്യമാധ്യമങ്ങളില്‍ പരമ്പരകള്‍. ഒടുവില്‍, ഹോട്ടലുകാരുടെ സമരവും വരെയെത്തി നില്‍ക്കുന്നു. ഇപ്പോഴത്തെ വിവാദങ്ങളും നാടകങ്ങളും കണ്ടാല്‍ ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കിയത് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയുടെ ദാരുണ അന്ത്യത്തെ തുടര്‍ന്നാണെന്നു തോന്നും. വര്‍ഷങ്ങളായി ഇവിടെത്തന്നെയുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ കൊണ്ടുപിടിച്ചിറങ്ങിയിരിക്കുന്നത്, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍. തൊട്ടും, തിന്നും, മണത്തുമുള്ള പരിശോധനകള്‍ തത്സമയം ചാനലുകളിലുമുണ്ട്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍; ഉണ്ണുന്ന ചോറിനു നന്ദി കാണിച്ചിരുന്നെങ്കില്‍, ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യാനുള്ള മനസുകാണിച്ചിരുന്നെങ്കില്‍ ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായ വിദ്യാര്‍ഥിയുടെ ജീവന്‍ ബലി നല്‍കേണ്ടിവരില്ലായിരുന്നു. ഹോട്ടലുകള്‍ പൂട്ടിക്കുമെന്നു വീമ്പിളക്കുന്ന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഒരിക്കലെങ്കിലും ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ വിഷഭക്ഷണത്തിന്‍റെ രക്തസാക്ഷിയെ ഒഴിവാക്കാമായിരുന്നു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കലിനെതിരേയും ഗുണനിലവാരം ഉറപ്പാക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെട്ട നിയമം 2006ലാണ് പാര്‍ലമെന്‍റ് പാസാക്കിയത്. 1954ലെ പ്രിവന്‍ഷന്‍ ഒഫ് ഫുഡ് അഡല്‍റ്ററേഷന്‍ ആക്റ്റ് നിര്‍ത്തലാക്കിയ ശേഷമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റ് ആക്റ്റ് പാസാക്കിയത്. 2010 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങി. ഒരു വര്‍ഷം കൂടി കഴിഞ്ഞ് 2011 ഓഗസ്റ്റില്‍ കേരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കല്‍, പഴകിയ ഭക്ഷണം വിതരണം ചെയ്യല്‍ എന്നിവ തടയാന്‍ ശക്തമായ വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുകയല്ല, മറിച്ച് ബോധവത്ക്കരണം നടത്തുകയാണു കഴിഞ്ഞ ഒരു വര്‍ഷമായി ചെയ്തിരുന്നത്.

നിയമപ്രകാരം ആദ്യമായൊരു പരിശോധന നടക്കുന്നതു തലസ്ഥാനത്തെ ഷവര്‍മ ദുരന്തത്തിനു ശേഷമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു ജനങ്ങളെ ഹോട്ടലുകള്‍ വിഷം തീറ്റിക്കുന്നത്. മരണത്തിനു കാരണമായ ഷവര്‍മ വിറ്റ ഹോട്ടല്‍ ലൈസന്‍സ് പോലുമില്ലാതെയാണു പ്രവര്‍ത്തിച്ചിരുന്നെന്നതു പുറത്തുവരുന്നതും ദുരന്തത്തിനു ശേഷം. സാല്‍വ കഫേയുടെ ഉടമസ്ഥനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. അദ്ദേഹം കീഴടങ്ങുകയും ചെയ്തു. അതുകൊണ്ട് ഇത്തരം ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാകില്ല. സാല്‍വ കഫേ ലൈസന്‍സില്ലാതെ തുറന്നു പ്രവര്‍ത്തിച്ചതു കണ്ടെത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. പരിശോധിക്കാന്‍ നിയുക്തരായ ഇവര്‍ക്കെതിരേയും കൊലക്കുറ്റത്തിനു സമാനമായ കേസെടുക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.

സാല്‍വ ഡൈന്‍ കഫേ മാത്രമല്ല, തിരുവനന്തപുരം നഗരത്തിലെ പകുതിയോളം ഹോട്ടലുകള്‍ക്കും ലൈസന്‍സില്ല. ഇതിനു പുറമെയാണു തട്ടുകടകളും വീടുകളുടെ വരാന്തകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഹോട്ടലുകളും. സാധാരണക്കാരായാലും വിനോദസഞ്ചാരികളായാലും തിരുവനന്തപുരത്തെ താമസക്കാരെക്കാള്‍ അധികമാണു വന്നുപോകുന്നവര്‍. അവര്‍ക്ക് ഹോട്ടല്‍ ഭക്ഷണമല്ലാതെ മറ്റു മാര്‍ഗമില്ല.

ജനനന്മയ്ക്കു നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി സത്യസന്ധമായി ചെയ്യാറില്ല. കേരളത്തിലേക്കു വരുന്ന പച്ചക്കറി, പഴങ്ങള്‍, ഇറച്ചി, മത്സ്യം മറ്റു ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയവയില്‍ നിരോധിത കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. വിഷമയമായ ഈ ഉത്പ്പന്നങ്ങള്‍ ചെക്ക് പോസ്റ്റുകള്‍ കടന്നു വിപണിയിലെത്തുന്നു. ശവം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ഒഴിച്ച പാലാണ് ഇന്നു മലയാളി കുടിക്കുന്നത്. ആരോഗ്യത്തിനു ഹാനികരമായ ബാക്റ്റീരിയകള്‍ പെറ്റുപെരുകിയ ഇറച്ചിയാണു മലയാളികള്‍ കഴിക്കുന്നത്. മെഴുകുപുരട്ടിയ ആപ്പിളും കാര്‍ബണേറ്റുകള്‍ സ്പ്രേ ചെയ്ത മാമ്പഴവും ക്യാന്‍സറിനു കാരണമാകുന്ന രാസനിറങ്ങള്‍ അടങ്ങിയ പലഹാരങ്ങളുമാണു മലയാളിയുടെ നിത്യാഹരങ്ങള്‍. ഇവ ഭക്ഷിച്ച് ഒരു തലമുറ വളര്‍ന്നുവരുന്നു, രോഗ പ്രതിരോധ ശേഷി നഷ്ടപ്പെട്ട, പേരുപോലും കണ്ടെത്താത്ത രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന ഒരു സമൂഹവും.

ഷവര്‍മ ദുരന്തത്തിലുണ്ടായ തുടര്‍ചലനങ്ങളായ റെയ്ഡുകളും നടപടി പ്രഖ്യാപനങ്ങളും അധികം വൈകാതെ കെട്ടടങ്ങും. അടുത്ത ഒരു ദുരന്തമുണ്ടാകുമ്പോള്‍ ആവര്‍ത്തിക്കപ്പെടാന്‍.

No comments:

Post a Comment