Ads 468x60px

Thursday, July 26, 2012

ഭക്ഷണശാലകളില്‍ നിന്ന് പിഴ ഈടാക്കിയത് 7.52 ലക്ഷം രൂപ

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്ത് തുടരുന്ന ഭക്ഷണശാലകളിലെ പരിശോധനയില്‍ നിന്ന് ഇതേവരെ ഈടാക്കിയ പിഴ 7,52,000 രൂപ. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് നടത്തിയ പരിശോധനയില്‍ 54 ഹോട്ടലുകള്‍ അടച്ചുപൂട്ടി. 473 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കോര്‍പ്പറേഷനുകളുടെ ഹെല്‍ത്ത് സ്‌ക്വാഡും വിവിധയിടങ്ങളില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡുകള്‍ ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി എട്ടു ഹോട്ടലുകള്‍ പൂട്ടി. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ റോഡിലെ മാജിക് ഫുഡ്‌സ്, ഗുരുവായൂരിലെ സുഖ്‌സാഗര്‍, ചാവക്കാട്ടെ അലങ്കാര്‍ ഫുഡ്പാര്‍ക്ക്, ഹോട്ടല്‍ റിലാക്‌സ്, ഹോട്ടല്‍ മലബാര്‍ പ്ലാസ, മാളയിലെ അനുപമ ഹോട്ടല്‍, ഫ്‌ളവര്‍ ഹോട്ടല്‍, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഹോട്ടല്‍ മലബാര്‍ കോഫി ഹൗസ് എന്നിവയാണ് പൂട്ടിയത്. ഇതുകൂടാതെ 37 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ബുധനാഴ്ച ഹോട്ടലുടമകളില്‍ നിന്ന് പിഴയായി 2,64,000 രൂപ ഈടാക്കിയിട്ടുമുണ്ട്.

No comments:

Post a Comment