Ads 468x60px

Tuesday, July 3, 2012

പിടികൂടിയ പുകയില ഉല്‌പന്നങ്ങള്‍ കത്തിച്ചുകളയാന്‍ നിര്‍ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് പിടികൂടിയ പുകയില ഉല്പന്നങ്ങള്‍ പരസ്യമായി കത്തിച്ചുകളയും. രണ്ടു ദിവസത്തിനകം ഇവ മുഴുവന്‍ നശിപ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവു നല്‍കി. കച്ചവടക്കാരുടെ പക്കല്‍ സൂക്ഷിച്ചിട്ടുള്ള പുകയില ഉല്പന്നങ്ങളും പിടികൂടി നശിപ്പിക്കും. ഇതുസംബന്ധിച്ച് പ്രത്യേക മഹസര്‍ തയ്യാറാക്കി സൂക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. തഹസില്‍ദാരുടെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തിലായിരിക്കും ഉല്പന്നങ്ങള്‍ നശിപ്പിക്കുക. സംസ്ഥാനത്ത് പുകയില ഉല്പന്നങ്ങള്‍ നിരോധിച്ചശേഷം 48 ദിവസത്തിനുള്ളില്‍ ഏതാണ്ട് പതിനാറ് ടണ്‍ പുകയില ഉല്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. നിരോധിച്ച പുകയില ഉല്പന്നങ്ങള്‍ പിടികൂടുന്നതിനും നശിപ്പിക്കുന്നതിനും നിയമതടസമില്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ പക്കല്‍ സൂക്ഷിച്ചിട്ടുള്ള ഉല്പന്നങ്ങള്‍ കത്തിക്കുന്നത്. പാന്‍മസാല നിരോധത്തിനെതിരായ കേസുകള്‍ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതി വിധി അനുകൂലമാകുമെന്ന വിശ്വാസത്തില്‍ വ്യാപാരികള്‍ വന്‍തോതില്‍ പാന്‍മസാല സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ വന്നിട്ടുള്ള വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ അനുകൂല വിധി കാത്തുകിടക്കുന്നതായും പോലീസ് സൂചന നല്‍കിയിട്ടുണ്ട്.

No comments:

Post a Comment