Ads 468x60px

Monday, July 30, 2012

ഭക്ഷ്യവിഷബാധ: പ്രതിക്കൂട്ടില്‍ സര്‍ക്കാരും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റും

തിരു: ഹോട്ടല്‍ ഭക്ഷണത്തില്‍ പരക്കെ മായവും വിഷവും കലരുകയും തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയും മരണംവരെ സംഭവിക്കുകയും ചെയ്യുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാരും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റും. തട്ടുകടമുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍നിന്നുവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു മുമ്പ് ഭക്ഷണ പദാര്‍ഥങ്ങള്‍ പരിശോധിക്കാനുള്ള അധികാരം. ഈ ചുമതല പൂര്‍ണമായും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനാണിപ്പോള്‍. എന്നാല്‍,ചുമതലയേറ്റ് ഒരുവര്‍ഷമായിട്ടും ബോധവല്‍ക്കരണത്തിന്റെ പേരില്‍ കാലംകഴിച്ചു. ഹോട്ടലുകളിലും മറ്റും പരിശോധന നടത്തേണ്ടതില്ലെന്ന് കമീഷണറേറ്റ് സര്‍ക്കുലര്‍തന്നെ പുറപ്പെടുവിച്ചു. ഇതോടെ ആരോഗ്യവകുപ്പിനും തദ്ദേശ ഭരണസ്ഥാപനങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയാല്‍തന്നെ ഇവര്‍ക്ക് അതിന് അധികാരമില്ലെന്ന നിയമത്തിലെ പഴുത് ഉപയോഗിച്ചു ഹോട്ടലുകാര്‍ നിരന്തരം രക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഹോട്ടലുകളില്‍ നടക്കുന്ന റെയ്ഡും കൈയടപ്പിക്കലുകളും നോട്ടീസ് നല്‍കലുമെല്ലാം. നിയമത്തിലെ മാനദണ്ഡം പാലിച്ചു ആഗസ്ത് അഞ്ചിനകം ലൈസന്‍സ് എടുത്താല്‍ മതിയെന്ന ആനുകൂല്യം ഹോട്ടലുകള്‍ക്ക് നേരത്തെ നല്‍കുകയുംചെയ്തിരുന്നു. മായംചേര്‍ക്കലിനെതിരെ നിലനിന്ന 1954ലെ നിയമം പരിഷ്കരിച്ചാണ് 2006ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവന്നത്. കേരളത്തില്‍ 2011 ആഗസ്ത് അഞ്ചുമുതലാണ് പ്രാബല്യത്തിലായത്. തുടര്‍ന്ന് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ നടപടികള്‍ മാത്രമാണ് നടത്തിയത്. ബോധവല്‍ക്കരണകാലത്ത് നിയമനടപടി എടുക്കണ്ട എന്ന് കമീഷണര്‍ പ്രത്യേകം ഉത്തരവിറക്കുകയുമായിരുന്നു. 

No comments:

Post a Comment