Ads 468x60px

Friday, July 20, 2012

ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടി മയങ്ങിവീണു

ആലുവ: എറണാകുളത്തെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ഒന്‍പത് വയസ്സുകാരന്‍ മയങ്ങിവീണു. പിന്നീട് ഛര്‍ദിച്ച് അവശനായ കുട്ടിയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഏലമിറ്റം യശോവതിയില്‍ പ്രതാപചന്ദ്രന്റെ മകന്‍ സര്‍വേഷിനെയാണ് ആലുവയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ബഹറിനിലെ ഗള്‍ഫ് ഇന്റര്‍ നാഷണല്‍ ബാങ്ക് മാനേജരായ പ്രതാപചന്ദ്രനും കുടുംബവും രണ്ടാഴ്ചത്തെ അവധിക്ക് നാട്ടില്‍ വന്നതാണ്. അടുത്ത ദിവസം തന്നെ തിരിച്ചുപോകേണ്ടതിനാല്‍ വ്യാഴാഴ്ച എറണാകുളത്ത് ഷോപ്പിങ്ങിന് പോയതിനിടെയാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

പ്രതാപചന്ദ്രനും ഭാര്യയും ഫ്രഷ് ജ്യൂസ് മാത്രമേ കഴിച്ചുള്ളൂ. മകന്‍ സര്‍വേഷും ബന്ധുവായ കാഞ്ഞൂര്‍ സ്വദേശി നന്ദകുമാറും ചിക്കന്‍ ബിരിയാണിയാണ് കഴിച്ചത്. ബിരിയാണി കഴിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കുട്ടിക്ക് തളര്‍ച്ച അനുഭവപ്പെടുന്നതായി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അത്ര കാര്യമായെടുത്തില്ല. തിരികെ വീട്ടിലേക്ക് പോരുന്നതിനിടെ കാര്‍ ഓടിച്ചിരുന്ന നന്ദകുമാറിനും തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. കടുങ്ങല്ലൂരിലുള്ള വീട്ടിലെത്തിയപ്പോഴേക്കും കുട്ടി മയങ്ങിവീണു. മയക്കം തെളിഞ്ഞപ്പോള്‍ ഛര്‍ദിയായി. ഏറെ ക്ഷീണിതനായി കണ്ട സര്‍വേഷിനെ ആലുവയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. നന്ദകുമാറിന് മരുന്ന് നല്‍കി വിട്ടയയ്ക്കുകയും തളര്‍ന്നുവീണ സര്‍വേഷിനെ നിരീക്ഷണത്തിനായി രണ്ടു ദിവസത്തേക്ക് അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്. ഹോട്ടലില്‍ നിന്നു കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണ് കാരണമെന്ന് വ്യക്തമാണെങ്കിലും ഇവര്‍ പരാതിയൊന്നും കൊടുത്തിട്ടില്ല. അടുത്തദിവസം തന്നെ വിദേശത്തേക്ക് തിരികെ പോകേണ്ടതിനാല്‍ കേസും നൂലാമാലകളും ഒഴിവാക്കുകയായിരുന്നു.
Source:http://www.mathrubhumi.com

No comments:

Post a Comment