കോഴിക്കോട്: ഭക്ഷ്യവിഷബാധയുടെയും ശുചിത്യമില്ലാത്ത ഹോട്ടലുകളുടെയും വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വരുമ്പോഴും സംസ്ഥാനത്ത് ഇവ പരിശോധിക്കാനുള്ളത് നാമമാത്രമായ ഉദ്യോഗസ്ഥര്‍. ലക്ഷക്കണക്കിന് ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പരിശോധനയ്ക്ക് 83 ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും 14 ജില്ലാ ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും 3 വിജിലന്‍സ് സ്‌ക്വാഡ് ചീഫ് ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും ഫുഡ്‌സേഫ്റ്റി കമ്മീഷണറുമാണ്. നഗരസഭകളിലും പഞ്ചായത്തുകളിലും പരിശോധന നടത്താന്‍ ഇവര്‍ മാത്രമേയുള്ളൂ. ഭക്ഷ്യസുരക്ഷാനിയമം വരുന്നതിനു മുമ്പ് മായം ചേര്‍ക്കല്‍ നിരോധനനിയമം നിലവിലുണ്ടായിരുന്നപ്പോള്‍ 3000-ത്തോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനനടത്തിരുന്ന സ്ഥാനത്താണിത്. 65 നഗരസഭകള്‍ക്കായി 32 ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പോസ്റ്റാണുള്ളത്. എന്നാല്‍, ഇതില്‍ തന്നെ 23 പേരെയേ നിയമിച്ചിട്ടുള്ളൂ. കാസര്‍കോട് ജില്ലയില്‍ ഒരു ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. വയനാട് ജില്ലയിലും പാലക്കാട് ജില്ലയിലും രണ്ട് ഉദ്യോഗസ്ഥര്‍. കേന്ദ്രഭക്ഷ്യ ഗുണനിലവാര നിയമപ്രകാരം ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ അധികാരമുള്ളൂ.
2011 ആഗസ്ത് അഞ്ച് മുതല്‍ കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം പ്രാബല്യത്തിലുണ്ട്. 2012 ആഗസ്ത് അഞ്ച് മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം. എന്നാല്‍, ഈ നിയമം നിലവില്‍ വന്നപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഭക്ഷണം പരിശോധിക്കാനുള്ള അധികാരമില്ലാതായി. ഇതിനായി പ്രത്യേകനിയമനം നടത്തേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമനം നടത്തിയിട്ടുണ്ട്.
Source:http://www.mathrubhumi.com
No comments:
Post a Comment